അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്
അർജുൻ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രൊഡക്ഷൻ വാറണ്ട് പ്രകാരം തലശ്ശേരി സബ് ജയിലിൽ ഹാജരാക്കിയ ശേഷമാണ് അർജുനെ എറണാകുളത്തേക്ക് കൊണ്ടുപോയത്.കണ്ണൂർ സൈബർ ക്രൈം പൊലീസിന്റെ റിമാൻഡിലായിരുന്ന അർജുൻ ആയങ്കിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചു.
അർജുൻ ഒളിവിൽ കഴിയുന്നതിനിടെ ഉപയോഗിച്ചിരുന്ന കാർ തളിപ്പറമ്പിൽ നിന്ന് പൊലീസ് പിടികൂടി. ബന്ധുവായ കുട്ടന്റേതാണ് കാർ. കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ അർജുൻ സഞ്ചരിച്ചത് ഈ കാറിലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
മൂന്ന് ദിവസത്തേക്കാണ് കണ്ണൂർ സൈബർ ക്രൈം പൊലീസിന് അർജുനെ കോടതി കസ്റ്റഡിയിൽ വിട്ടിരുന്നത്. കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ സംഭവങ്ങളെല്ലാം തനിച്ചാണ് ചെയ്തതെന്ന് അർജുൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
രണ്ട് ദിവസം ഒളിവിൽ കഴിഞ്ഞ ലോഡ്ജ്, സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിച്ച സ്ഥലങ്ങൾ, പിടിയിലാകുന്നതിന് മുമ്പ് എത്തിയ അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റ് എന്നിവിടങ്ങളിൽ അർജുനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച ഐഫോണും പൊലീസ് കണ്ടെത്തിയിരുന്നു.
