കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റ സംഭവം; ഡ്രൈവർക്കെതിരെ കേസ്

  1. Home
  2. Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റ സംഭവം; ഡ്രൈവർക്കെതിരെ കേസ്

image


ആലപ്പുഴ കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുക്കുമെന്ന് നെടുമുടി പോലീസ് അറിയിച്ചു. അപകടസമയത്ത് വാഹനം ഓടിച്ചത് എംഎൽഎ അല്ലെന്നും അദ്ദേഹം പിൻസീറ്റിലായിരുന്നുവെന്നും പോലീസ് സ്ഥിരീകരിച്ചു. അപകടത്തിന് ശേഷം പോലീസ് സംഭവസ്ഥലത്ത് എത്തുംവരെ റെജി ചെറിയാൻ സ്ഥലത്തുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ എ സി റോഡിൽ ചമ്പക്കുളത്തുവെച്ചായിരുന്നു അപകടം. നെടുമുടി ആശാരി പറമ്പിൽ സുനീഷിനായിരുന്നു പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സുനീഷ് ഇപ്പോഴും വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്, അദ്ദേഹത്തിന് ബോധം വീണ്ടെടുത്തിട്ടില്ല. ആരോഗ്യനില മെച്ചപ്പെട്ടാൽ യുവാവിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം സംഭവത്തിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ എംഎൽഎയ്ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചതിനാലാണ് അപകടമുണ്ടായതെന്നും സംഭവത്തിന് ശേഷം എംഎൽഎ സ്ഥലം വിട്ടുവെന്നും അദ്ദേഹം ആരോപിച്ചു. എംഎൽഎയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സംഭവത്തിൽ പോലീസ് ശരിയായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.