സംസ്ഥാന ആരോഗ്യവകുപ്പ് വേണ്ടത്ര ജാഗ്രത പാലിക്കാത്തത് കൊണ്ടാണ് നിപ വീണ്ടും വന്നത്: കെ സുരേന്ദ്രൻ

  1. Home
  2. Kerala

സംസ്ഥാന ആരോഗ്യവകുപ്പ് വേണ്ടത്ര ജാഗ്രത പാലിക്കാത്തത് കൊണ്ടാണ് നിപ വീണ്ടും വന്നത്: കെ സുരേന്ദ്രൻ

Surendran


പ്രതിരോധ പ്രവർത്തനങ്ങളുടെ പരാജയമാണ് സംസ്ഥാനത്ത് നിപ വീണ്ടും വരാൻ കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന ആരോഗ്യവകുപ്പ് വേണ്ടത്ര ജാഗ്രത പാലിക്കാത്തതു കാരണമാണ് ആവർത്തിച്ച് നിപ വരുന്നത്. വവ്വാലുകളുടെ ആവാസകേന്ദ്രമായ ജാനകികാടിന് ചുറ്റുമുള്ള പേരാമ്പ്രയിലെ പ്രദേശങ്ങളിൽ നിപ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും യാതൊരു മുൻകരുതലും ആരോഗ്യവകുപ്പ് എടുത്തില്ല. ഓരോ വർഷവും നിരീക്ഷണം ശക്തമാക്കേണ്ടതായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

"പ്രദേശത്തെ പനിയുള്ളവരുടെ സാമ്പിളുകൾ ശേഖരിക്കാൻ ആരോഗ്യവകുപ്പ് തയ്യാറായില്ല. നിപയെ പ്രതിരോധിക്കാനുള്ള ബാലപാഠം പോലും സർക്കാർ അവലംബിച്ചില്ലെന്നത് ഖേദകരമാണ്. 1967ലെ സ്റ്റാഫ് ക്വോട്ട തന്നെയാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഇപ്പോഴുമുള്ളത്. ആരോഗ്യപ്രവർത്തകർ ഇല്ലാത്തതാണ് പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലാകാനുള്ള പ്രധാന കാരണം. ആരോഗ്യമേഖലയിൽ വേണ്ടത്ര സ്റ്റാഫുകളെ നിയമിക്കാൻ സർക്കാർ തയ്യാറാവുന്നില്ല"- കെ സുരേന്ദ്രൻ ആരോപിച്ചു.

"2018ൽ നിപ ആദ്യമായി വന്നപ്പോൾ പ്രഖ്യാപിച്ച തിരുവനന്തപുരം തോന്നയ്ക്കലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോഴും വേണ്ട രീതിയിൽ എത്താത്തത് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ്. പരിശോധനയിലെ കാലതാമസം ഉണ്ടാവാതിരിക്കാൻ കേരളത്തിൽ വൈറോളജി ലാബുകൾ ആവശ്യമാണെന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ മൂന്നാം തവണയും പരിശോധനാ ഫലം ലഭിക്കാൻ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് നിർഭാഗ്യകരമാണ്"- അദ്ദേഹം കുറ്റപ്പെടുത്തി. 

"നിപ സ്ഥിരീകരണത്തിന് പൂനെ ലാബിലെ ടെസ്റ്റ് നിർബന്ധമാണെന്ന് ഐസിഎംആർ മാർഗനിർദേശങ്ങളിൽ പറയുന്നില്ല. എന്നാൽ സംസ്ഥാന ആരോഗ്യമന്ത്രി എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് മനസിലാവുന്നില്ല. നിപ സ്ഥിരീകരണം കേന്ദ്രം കേരളത്തെ അറിയിച്ചില്ലെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ ആരോപണം ബാലിശമാണ്. സംസ്ഥാന ആരോഗ്യമന്ത്രിക്കില്ലാത്ത പരാതിയാണ് റിയാസിനുള്ളത്. മഹാമാരി നാടിനെ അക്രമിക്കുമ്പോഴും സംസ്ഥാന മന്ത്രിമാർ രാഷ്ട്രീയം കളിക്കുകയാണ്"- കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.