തരംമാറ്റ അപേക്ഷ അതിവേഗം തീർപ്പാക്കുമെന്നത് വെറുംവാക്കായി; കെട്ടിക്കിടക്കുന്നത് 2.3 ലക്ഷം അപേക്ഷകൾ

  1. Home
  2. Kerala

തരംമാറ്റ അപേക്ഷ അതിവേഗം തീർപ്പാക്കുമെന്നത് വെറുംവാക്കായി; കെട്ടിക്കിടക്കുന്നത് 2.3 ലക്ഷം അപേക്ഷകൾ

Sarkar file


വസ്തു തരംമാറ്റത്തിനുള്ള അപേക്ഷ അതിവേഗം തീർപ്പാക്കുമെന്ന റവന്യു വകുപ്പിന്റെ പ്രഖ്യാപനം വെറുംവാക്കായി. സെപ്തംബർ 6 വരെയുള്ള കണക്കുപ്രകാരം 2,27,985 ലേറെ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. എല്ലാ ജില്ലകളിലും ആയിരക്കണക്കിന് ഭൂവുടമകൾ അപേക്ഷ നൽകി കാത്തിരിക്കുകയാണ്.
അപേക്ഷ തീർപ്പാക്കലിന് 372 തസ്തികകൾ സർക്കാർ അനുവദിച്ചിരുന്നെങ്കിലും, ഇത് പി.എസ്.സിയിലേക്ക് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. 68 ജൂനിയർ സൂപ്രണ്ടുമാരുടെയും, 181 ക്ലാർക്കുമാരുടെയും, 123 സർവേയർമാരുടെയും തസ്തികയാണ് രണ്ടു വർഷ കാലാവധിയിൽ അനുവദിച്ചിട്ടുള്ളത്. ഇത്‌ ആറു മാസത്തിൽ കൂടുതലായത് കൊണ്ടാണ് പി.എസ്.സിക്ക് വിടേണ്ടിവന്നത്. ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് പ്രമോഷൻ വഴിയാണ് നിയമനം നടത്തേണ്ടത്.
നിലവിൽ ക്ലാർക്കുമാരുടെ റാങ്ക് ലിസ്റ്റ് തയ്യാറാണെങ്കിലും, ജില്ല തിരിച്ചുള്ള തസ്തികകളുടെ വിവരം പി.എസ്.സിക്ക് നൽകിയാൽ മാത്രമേ അവർക്ക് നിയമനജോലികൾ തുടങ്ങാനാവൂ. ഇത്രയും കാര്യങ്ങൾ നടക്കാൻ സാധാരണ രീതിയിൽ രണ്ടു മാസമെങ്കിലുമെടുക്കും. അപ്പോഴേക്കും 30,000 അപേക്ഷകൾ കൂടിയാകും. അതേസമയം 220 വാഹനങ്ങൾ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്ന് പറഞ്ഞെങ്കിലും അതിനും നടപടിയായിട്ടില്ല.
27 ആർഡിഒമാരെ കൂടാതെ 78 താലൂക്കുകളിലായി നിയമിക്കുന്ന ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി അപേക്ഷ തീർപ്പാക്കാൻ അധികാരം നൽകുന്ന ബില്ലിന് നിയമസഭ അംഗീകാരം നൽകിയിട്ടുണ്ട്. 197 എൽ.ഡി ടൈപ്പിസ്റ്റുമാരും, 201 യു.ഡി ടൈപ്പിസ്റ്റുമാരും, 921ഓഫീസ് അറ്റൻഡന്റുമാരും അടക്കം 1319 ജീവനക്കാരെ ജോലിഭാരം കൂടുതലുള്ള ഓഫീസുകളിലേക്ക് പുനർവിന്യസിക്കാൻ ലാൻഡ് റവന്യു കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ അതും പൂർത്തിയായിട്ടില്ല.