ഇടുക്കിയിൽ മണ്ണിടിച്ചിൽ സാധ്യത: മൂന്നാറിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ

  1. Home
  2. Kerala

ഇടുക്കിയിൽ മണ്ണിടിച്ചിൽ സാധ്യത: മൂന്നാറിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ

image


കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ വിനോദസഞ്ചാരികൾ മൂന്നാറിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ കഴിഞ്ഞ ദിവസം മൂന്നാർ സി.എസ്.ഐ പള്ളിക്ക് സമീപം വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഈ പ്രദേശത്ത് നിലവിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

മണ്ണൊലിപ്പിനെ തുടർന്ന് സമീപത്തെ ഒരു കെട്ടിടത്തിൽ വിള്ളൽ കണ്ടെത്തിയതോടെ അവിടെ താമസിച്ചിരുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കനത്ത മഴ തുടരുന്നതിനാൽ ദേശീയപാതയുടെ വീതികൂട്ടൽ നടക്കുന്ന പ്രദേശങ്ങളിലടക്കം മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

അപകടസാധ്യതയുള്ള മേഖലകളിൽ വാഹനഗതാഗതം നിയന്ത്രിക്കാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റിക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.