ഉരുൾപൊട്ടൽ ഭീതി: വിലങ്ങാട് മേഖലയിൽനിന്ന് ജനങ്ങളെ അടിയന്തരമായി മാറ്റാൻ കളക്ടറുടെ ഉത്തരവ്; രാത്രിയാത്രയ്ക്ക് വിലക്ക്

  1. Home
  2. Kerala

ഉരുൾപൊട്ടൽ ഭീതി: വിലങ്ങാട് മേഖലയിൽനിന്ന് ജനങ്ങളെ അടിയന്തരമായി മാറ്റാൻ കളക്ടറുടെ ഉത്തരവ്; രാത്രിയാത്രയ്ക്ക് വിലക്ക്

rain


ശക്തമായ മഴയെത്തുടർന്ന് ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യത മുൻനിർത്തി കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മലയോര മേഖലയിൽനിന്ന് ജനങ്ങളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ഉത്തരവിട്ടു. വടകര താലൂക്കിലെ വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി തുടങ്ങിയ പ്രദേശങ്ങളിലാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. മാറ്റിപ്പാർപ്പിക്കൽ നടപടികൾ ഏകോപിപ്പിക്കുന്നതിനായി വടകര ആർ.ഡി.ഒ.യെ നോഡൽ ഓഫീസറായും വടകര തഹസിൽദാരെ അസിസ്റ്റന്റ് നോഡൽ ഓഫീസറായും ചുമതലപ്പെടുത്തിയിട്ടുണ്ട്.

വിലങ്ങാട് മലയോര മേഖലയിലെ ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ, പ്രത്യേകിച്ച് പുഴയോരങ്ങളിലും കുത്തനെയുള്ള ചരിവുകളിലും മുമ്പ് ഉരുൾപൊട്ടിയ സ്ഥലങ്ങൾക്ക് സമീപവും താമസിക്കുന്ന മുഴുവൻ ആളുകളെയും അടിയന്തരമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാണ് ഉത്തരവ്. വാണിമേൽ, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് അധികൃതർ വടകര തഹസിൽദാർക്കൊപ്പം ചേർന്ന് പ്രദേശത്തെ സുരക്ഷിതമായ സ്‌കൂളുകളോ മറ്റ് പൊതുകെട്ടിടങ്ങളോ കണ്ടെത്തി ക്യാമ്പുകൾ ഉടൻ സജ്ജമാക്കും. ഈ ക്യാമ്പുകളിൽ കൃത്യമായ കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, ശുചിമുറി സൗകര്യങ്ങൾ, മെഡിക്കൽ സഹായം എന്നിവ ഉറപ്പാക്കാൻ നിർദ്ദേശമുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ടീമുകൾ ക്യാമ്പുകളിൽ നേരിട്ടെത്തി പരിശോധന നടത്തുകയും അടിയന്തര മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യും.

ഒഴിപ്പിക്കൽ നടപടികൾക്ക് ആവശ്യമായ പൊലീസിനെ വിന്യസിക്കാനും ക്യാമ്പുകൾക്കും ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്കും സുരക്ഷ നൽകാനും ജില്ലാ പൊലീസ് മേധാവിക്ക് (കോഴിക്കോട് റൂറൽ) കളക്ടർ നിർദ്ദേശം നൽകി. കൂടാതെ, സുരക്ഷ മുൻനിർത്തി വിലങ്ങാട് മേഖലയിലെ മലയോര റോഡുകളിലൂടെ രാത്രി ഏഴ് മണി മുതൽ രാവിലെ ആറ് മണി വരെ അടിയന്തര ആവശ്യങ്ങൾക്കൊഴികെയുള്ള യാത്രകൾ നിരോധിച്ചിട്ടുണ്ട്. അപകട മേഖലകളിലുള്ളവർ അധികൃതരുടെ നിർദേശങ്ങളോട് പൂർണമായി സഹകരിക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതെ ഔദ്യോഗിക മുന്നറിയിപ്പുകൾ മാത്രം പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 2005-ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.