തിരുവനന്തപുരം കോർപ്പറേഷനിൽ എൽ.ഡി.എഫ് പ്രതിഷേധം സംഘർഷത്തിൽ; കൗൺസിലർമാർക്കും വനിതാ പോലീസിനും പരിക്ക്

  1. Home
  2. Kerala

തിരുവനന്തപുരം കോർപ്പറേഷനിൽ എൽ.ഡി.എഫ് പ്രതിഷേധം സംഘർഷത്തിൽ; കൗൺസിലർമാർക്കും വനിതാ പോലീസിനും പരിക്ക്

tvm corporation


തിരുവനന്തപുരം നഗരസഭയിൽ ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തിയ കൗൺസിൽ ഹാൾ പ്രതിഷേധം കടുത്ത സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധത്തിനിടെ മേയർ വി.വി. രാജേഷിനെ സി.പി.എം കൗൺസിലർമാർ തടഞ്ഞു. എന്നാൽ, കനത്ത പ്രതിഷേധത്തെയും മുദ്രാവാക്യം വിളികളെയും മറികടന്ന് മേയർ ഓഫീസിലേക്ക് പ്രവേശിച്ചു. ഇതിനു പിന്നാലെ സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഓഫീസിനുള്ളിൽ ഉന്തും തള്ളുമുണ്ടായതോടെ പോലീസ് ഇടപെടുകയായിരുന്നു. സംഘർഷത്തിൽ ഇരുപക്ഷത്തെയും കൗൺസിലർമാർക്കും സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കും പരിക്കേറ്റു.

കോർപ്പറേഷനിൽ നടന്നത് ജനാധിപത്യപരമായ സമരമാണെന്നും അഴിമതിയും ക്രിമിനൽ പശ്ചാത്തലവുമുള്ള കൗൺസിലർ രാജിവെക്കും വരെ സമരം തുടരുമെന്നും സി.പി.എം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക് പറഞ്ഞു. എന്നാൽ ബലം പ്രയോഗിച്ചുള്ള ഇത്തരം അക്രമ സമരങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കി. രാവിലെ മുതൽ മേയറെ കാണാൻ എത്തിയ സാധാരണക്കാരായ ജനങ്ങളെ സി.പി.എം കൗൺസിലർമാർ തടഞ്ഞതായും ബി.ജെ.പി വനിതാ കൗൺസിലർമാരെ ഉൾപ്പെടെ ആസൂത്രിതമായി ആക്രമിച്ചതായും മേയർ ആരോപിച്ചു. സംഘർഷത്തിനിടയിൽ തന്റെ കാലിനും പരിക്കേറ്റതായി മേയർ കൂട്ടിച്ചേർത്തു.