'പാർട്ടിയിലേക്കുള്ള തിരിച്ചുവരവ് നേതാക്കൾ തടയുന്നു'; കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പി.പി ദിവ്യ
തനിക്കെതിരായ പാർട്ടി നടപടികൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പി.പി ദിവ്യ. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ജില്ലാ സെന്ററിൽ നിന്നും തന്ന നീക്കിയ നടപടികൾക്കെതിരെയും കത്തിൽ അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. പാർട്ടിയിലേക്കുള്ള തന്റെ തിരിച്ചുവരവ് ചില നേതാക്കൾ ബോധപൂർവ്വം തടയുകയാണെന്നും തനിക്കെതിരായ നടപടികൾ പ്രതികാരബുദ്ധിയോടെയുള്ളതാണെന്നും ദിവ്യ ആരോപിക്കുന്നു.
ജില്ലാ സെന്ററിലെ പ്രവർത്തനങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കിയത് ജില്ലാ സെക്രട്ടറി പി.കെ ശ്യാമളയാണെന്നും സി.പി.എം ജില്ലാ നേതൃത്വം പോലും അറിയാതെയാണ് ഇത്തരം കാര്യങ്ങൾ നടന്നതെന്നും കത്തിൽ പറയുന്നു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തൊട്ടുമുമ്പ് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ വിഷയം ചർച്ച ചെയ്യാമെന്നും ദിവ്യയുമായി ഫോണിൽ സംസാരിച്ചെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി സ്ഥിരീകരിച്ചു.
എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തെത്തുടർന്ന് ദിവ്യയെ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഇരിണാവ് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. അതേസമയം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡറില്ലാതെ കാർട്ടൺ കമ്പനിക്ക് കരാർ നൽകിയെന്ന പരാതിയിൽ ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
