പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ല; ബോധവൽക്കരണ സന്ദേശം കെ.എസ്.ആർ.ടി.സി ബസുകളിൽ കേൾപ്പിക്കണമെന്ന് ഹൈക്കോടതി

  1. Home
  2. Kerala

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ല; ബോധവൽക്കരണ സന്ദേശം കെ.എസ്.ആർ.ടി.സി ബസുകളിൽ കേൾപ്പിക്കണമെന്ന് ഹൈക്കോടതി

pamba


ശബരിമല തീർഥാടനത്തിനെത്തുന്ന ഭക്തർ പമ്പാ നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് തടയാൻ കർശന നടപടി വേണമെന്ന് കേരള ഹൈക്കോടതി. നദിയിൽ തുണികൾ ഉപേക്ഷിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തുന്നതിനായി വ്യാപകമായ ബോധവൽക്കരണ പ്രചാരണം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. കുളിക്കാനിറങ്ങുന്ന തീർഥാടകർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ കാരണം പമ്പാ നദി രൂക്ഷമായി മലിനമാകുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.

ബസുകളിലും സ്റ്റാൻഡുകളിലും ശബ്ദസന്ദേശം

തീർഥാടകർ സഞ്ചരിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളിലും ബസ് സ്റ്റാൻഡുകളിലും ഇതുസംബന്ധിച്ച ബോധവൽക്കരണ ശബ്ദസന്ദേശം കേൾപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് പുറമെ, പ്ലാസ്റ്റിക്, ഷാംപൂ കവറുകൾ എന്നിവ നദിയിലോ പരിസരത്തോ വലിച്ചെറിയരുതെന്നും കൃത്രിമ കുങ്കുമം ഉപയോഗിക്കരുതെന്നും അറിയിക്കുന്ന സന്ദേശങ്ങളാണ് വിവിധ ഭാഷകളിൽ പ്രചരിപ്പിക്കേണ്ടത്. ഇതിനാവശ്യമായ ഓഡിയോ സന്ദേശം തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറാക്കി കെ.എസ്.ആർ.ടി.സിക്ക് കൈമാറണമെന്നും കോടതി വ്യക്തമാക്കി.

മാലിന്യനിക്ഷേപം തടയാൻ കർശന വ്യവസ്ഥകൾ

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർണ്ണായക നിർദ്ദേശങ്ങൾ നൽകിയത്. എരുമേലി വലിയ തോട്ടിൽ വസ്ത്രങ്ങളും മറ്റ് മാലിന്യങ്ങളും തള്ളുന്നത് കർശനമായി തടയണമെന്നും കോടതി ആവശ്യപ്പെട്ടു. കൂടാതെ, പമ്പയിൽ ഓരോ 50 മീറ്റർ ഇടവിട്ടും വസ്ത്രങ്ങൾ നിക്ഷേപിക്കുന്നതിനായി വാട്ടർപ്രൂഫ് ബിന്നുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കണമെന്ന മുൻ ഉത്തരവ് കൃത്യമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.