പൊന്മുടിയിലേയ്ക്കാണ് പോകുന്നെങ്കിൽ ജാഗ്രതൈ വേണം; പ്രദേശത്ത് വീണ്ടും പുള്ളിപുലിയിറങ്ങി

  1. Home
  2. Kerala

പൊന്മുടിയിലേയ്ക്കാണ് പോകുന്നെങ്കിൽ ജാഗ്രതൈ വേണം; പ്രദേശത്ത് വീണ്ടും പുള്ളിപുലിയിറങ്ങി

leopard


തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ എത്തുന്നവർ നിരവധി പേരാണ്. ഇപ്പോഴിതാ പൊന്മുടിയിൽ വീണ്ടും പുള്ളിപ്പുലിയിറങ്ങിയെന്ന വാർത്ത പുറത്തുവരികയാണ്. ഇന്ന് രാവിലെയാണ് പൊന്മുടി സ്‌കൂളിന് സമീപത്തായി പുലിയെ കണ്ടത്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ദിവസങ്ങൾക്ക് മുന്നെ പൊന്മുടിയിൽ പുലിയിറങ്ങിയിരുന്നു. ഇതിന് പിന്നാലെ വീണ്ടുമെത്തിയത് പ്രദേശത്ത് ആശങ്കയുയർത്തുകയാണ്.

ഡിസംബർ 26ന് രാവിലെ എട്ടരയോടെ കോൺസ്റ്റബിൾ രജിത്താണ് പൊന്മുടി പൊലീസ് സ്റ്റേഷനു സമീപത്തായി പുള്ളിപ്പുലിയെ കണ്ടത്. റോഡ് മുറിച്ചുകടന്ന പുള്ളിപ്പുലി വനത്തിലേക്ക് കയറിപ്പോയെന്നാണ് പൊലീസുകാരൻ പറഞ്ഞത്. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായിരുന്നില്ല. പ്രദേശത്ത് തെരച്ചിലും നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്. ഇതുവരെ പ്രദേശത്ത് പുള്ളിപ്പുലിയുടെ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടില്ല. നേരത്തേ കുരങ്ങനെ പിടിക്കാൻ വൈദ്യുതി പോസ്റ്റിൽ കയറിയ പുള്ളിപ്പുലി ഷോക്കേറ്റ് ചത്തിരുന്നു. ക്രിസ്മസ് - പുതുവർഷ സീസണായതോടെ പൊന്മുടിയിൽ വിനോദസഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.