മുല്ലപ്പള്ളി ഇനി വിശ്രമിക്കട്ടെ; നാദാപുരത്ത് മത്സരിക്കാനുള്ള നീക്കത്തിനെതിരെ അഴിയൂരിൽ വ്യാപക പോസ്റ്ററുകൾ

  1. Home
  2. Kerala

മുല്ലപ്പള്ളി ഇനി വിശ്രമിക്കട്ടെ; നാദാപുരത്ത് മത്സരിക്കാനുള്ള നീക്കത്തിനെതിരെ അഴിയൂരിൽ വ്യാപക പോസ്റ്ററുകൾ

mullappally


നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കുന്നതിനിടെ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അഴിയൂരിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. അഴിയൂർ, മുക്കാളി, കുഞ്ഞിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് മുല്ലപ്പള്ളിക്കെതിരെ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നാദാപുരം മണ്ഡലത്തിൽ മുല്ലപ്പള്ളി സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് ഈ നീക്കം.

രണ്ട് തവണ കേന്ദ്രമന്ത്രിയും ഏഴ് തവണ എം.പിയുമായ മുല്ലപ്പള്ളി രാമചന്ദ്രന് ഇപ്പോൾ 82 വയസ്സായെന്നും അദ്ദേഹം ഇനി വിശ്രമജീവിതം നയിക്കട്ടെ എന്നുമാണ് 'സേവ് കോൺഗ്രസ്' എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലുള്ളത്. മുതിർന്ന നേതാക്കൾ വഴിമാറി യുവതലമുറയ്ക്ക് അവസരം നൽകണമെന്ന ആവശ്യമാണ് പോസ്റ്ററുകൾ ഉയർത്തുന്നത്. മുല്ലപ്പള്ളിയുടെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി പ്രാദേശിക തലത്തിൽ കോൺഗ്രസിനുള്ളിൽ ഭിന്നതയുണ്ടെന്ന സൂചനയാണ് ഇത് നൽകുന്നത്.

അതേസമയം, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുതിർന്ന നേതാവ് വി.എം. സുധീരൻ വ്യക്തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് വരും ദിവസങ്ങളിൽ പാർട്ടി പ്ലാറ്റ്‌ഫോമുകളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുതിർന്ന നേതാവിനെതിരെ ഇത്തരമൊരു പ്രതിഷേധം ഉയർന്നിരിക്കുന്നത്.