തന്റെ ജോലി മറ്റൊരാൾ ചെയ്ത കാര്യം അറിഞ്ഞില്ല; സതിയമ്മയ‌്ക്കെതിരെ പരാതി നൽകി ലിജിമോൾ

  1. Home
  2. Kerala

തന്റെ ജോലി മറ്റൊരാൾ ചെയ്ത കാര്യം അറിഞ്ഞില്ല; സതിയമ്മയ‌്ക്കെതിരെ പരാതി നൽകി ലിജിമോൾ

Lijimol


പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം വെറ്ററിനറി ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട സതിയമ്മക്കെതിരെ പരാതി നൽകി ലിജിമോൾ. തന്റെ ജോലി മറ്റൊരാൾ ചെയ്ത കാര്യം അറിഞ്ഞില്ല. മൃഗാശുപത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും സതിയമ്മയ്ക്കൊപ്പം ഒരു കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലിജി മോള്‍ പ്രതികരിച്ചു.
താൽക്കാലിക സ്വീപ്പറായി നിയമിച്ച കെ.സി. ലിജിമോൾക്കു പകരം ആളുമാറി സതിയമ്മ ജോലി ചെയ്തതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. സതിയമ്മ,ഐശ്വര്യ കുടുംബശ്രീ പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കാണ് ലിജിമോള്‍ പരാതി നല്‍കിയത്.  ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിയതിന് സതിയമ്മയെ പിരിച്ചുവിട്ടെന്നായിരുന്നു ആരോപണം.
‘‘ഞാൻ മൃഗാശുപത്രിയിൽ ഒരു ദിവസം പോലും ജോലി ചെയ്തിട്ടില്ല. അവിടെ ജോലിക്ക് അപേക്ഷിച്ചിട്ടുമില്ല. എന്റെ പേരിൽ അവിടെ ജോലി ഉണ്ടായിരുന്നുവെന്ന് ഇന്നലെയാണ് അറിയുന്നത്. എന്റെ പേരിൽ വന്ന രേഖയിലെ ഒപ്പും എന്റേതല്ല. സതിയമ്മയ്ക്കൊപ്പം കുടുംബശ്രീയിൽ പ്രവർത്തിച്ചിരുന്നു. അവിടെനിന്ന് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഞാൻ പോന്നത്.’ – ലിജിമോൾ വ്യക്തമാക്കി.
"എനിക്ക് പൈസ കിട്ടിയിട്ടുമില്ല, ഞാൻ പൈസ എടുക്കാൻ ഒരിടത്തും പോയിട്ടുമില്ല. എനിക്ക് ഇതേക്കുറിച്ച് അറിയുകയുമില്ല. എനിക്ക് ഇങ്ങനെയൊരു ജോലി ഉള്ള കാര്യം തന്നെ ഞാൻ അറിഞ്ഞത് ഇക്കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ്. ഞാൻ ഇന്നലെ സ്ഥലത്തില്ലായിരുന്നു. ജോലി എന്റെ പേരിലാണെന്ന് ഇവിടെ തിരിച്ചു വന്നപ്പോഴാണ് കേട്ടത്. എനിക്ക് ഇതേക്കുറിച്ച് ഒരു കാര്യവും അറിയില്ല. ഞാൻ ഉപയോഗിക്കുന്ന ഒരു ബാങ്ക് അക്കൗണ്ട് മാത്രമേയുള്ളൂ. നാലു വർഷം മുൻപ് ഞാൻ കുടുംബശ്രീയിൽ പ്രവർത്തിച്ചിരുന്നു. അന്ന് സെക്രട്ടറിയായിരുന്നു. ആ സമയത്ത് ഉണ്ടായിരുന്ന അക്കൗണ്ടിലേക്കാണോ പണം വരുന്നതെന്ന് അറിയില്ല.’ – ലിജിമോൾ വിശദീകരിച്ചു.
ഇതിനിടെ സതിയമ്മ ജോലി നേടിയത് വ്യാജരേഖ ചമച്ചാണെന്ന് സിപിഎം നേതാവ് കെ.അനില്‍കുമാര്‍ ആരോപിച്ചു. ‘‘യഥാർഥത്തിൽ, ലിജിമോൾക്കാണു ജോലിയെങ്കിൽ അവരുടെ പേരിലല്ലേ പണം വാങ്ങാനാകൂ . അങ്ങനെ ലിജിമോളുടെ പേരിൽ ഒരു വ്യാജ അക്കൗണ്ട് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകാം. അത് യഥാർഥ ലിജിമോൾ അറി‍ഞ്ഞിട്ടില്ല. ഇതടക്കം പരിശോധിക്കണമെന്നാണ് എസ്പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാലു വർഷം മുൻപ് ഉണ്ടായിരുന്നുവെന്നു പറയുന്നത് കുടുംബശ്രീ അക്കൗണ്ടാണ്. അല്ലാതെ ലിജിമോളുടെ അക്കൗണ്ടല്ല.’ – അനിൽകുമാർ പറഞ്ഞു.