അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ

  1. Home
  2. Kerala

അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ

anto augustine


വീട്ടിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതി ആന്റോയുടെ ജാമ്യഹർജി നേരത്തെ തള്ളിയിരുന്നു.

മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നും കേസിൽപെട്ടതിനാൽ കോടതി അറ്റാച്ച്‌മെന്റിന്റെ പരിഗണനയിലുള്ളതാണെന്നുമാണ് ആന്റോയുടെ പ്രധാന വാദം. എന്നാൽ ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകൾ എക്‌സൈസ് കോടതിയിൽ സമർപ്പിക്കും. 2025 വർഷത്തെ കെട്ടിടനികുതി 2026 മാർച്ചിൽ ആന്റോ അടച്ചതായും, വാണിജ്യാവശ്യങ്ങൾക്ക് വീട് ഉപയോഗിക്കാൻ മുട്ടിൽ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നതായും എക്‌സൈസ് കോടതിയെ അറിയിക്കും.

കൂടാതെ, പരിശോധന സമയത്ത് വീട്ടിലെ 22 സി.സി.ടി.വി ക്യാമറകളുടെയും ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ എടുത്തുമാറ്റിയ നിലയിലായിരുന്നുവെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശങ്ങൾ ലംഘിച്ചാണ് വീട് നിർമ്മിച്ചതെന്നും എക്‌സൈസ് ചൂണ്ടിക്കാട്ടുന്നു. വാഴവറ്റയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ 138 കുപ്പികളിലായി സൂക്ഷിച്ച 67 ലിറ്റർ മദ്യമാണ് എക്‌സൈസ് പിടിച്ചെടുത്തത്. ഇതിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.