സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റുകളുടെ സെറ്റ് വിൽപന വ്യാപകം; സമ്മാനങ്ങൾ ചിലരിലേക്ക് മാത്രം ഒതുങ്ങുന്നു, കണ്ടില്ലെന്ന് നടിച്ച് ഭാഗ്യക്കുറി വകുപ്പ്

ഓണം ബംപർ ഉൾപ്പെടെയുള്ള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ സെറ്റ് വിൽപന വ്യാപകമാവുന്നതായി പരാതി. ഇതുമൂലം ഭാഗ്യം ചില ആളുകളിലേക്ക് മാത്രം ഒതുങ്ങുകയാണ്. എന്നാൽ ഇതു കണ്ടില്ലെന്നു നടിച്ച് സെറ്റ് വിൽപനയെ പ്രോത്സാഹിപ്പിക്കുകയുമാണ് ഭാഗ്യക്കുറി വകുപ്പ്. പരമാവധി പേർക്ക് സമ്മാനങ്ങൾ നൽകുന്നതിനു വേണ്ടിയാണ് സെറ്റ് വിൽപനയ്ക്ക് ഭാഗ്യക്കുറി വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ടിക്കറ്റുകൾ സെറ്റാക്കി വിൽക്കുന്ന ഏജൻസികൾക്കെതിരെ ലോട്ടറി വകുപ്പ് കർശന നടപടി എടുത്തിരുന്നു. എന്നാൽ, നിലവിലെ സാമ്പത്തിക പ്രതിസന്ധി കാരണം പരമാവധി വരുമാനം ഉറപ്പാക്കുന്നതിന് വേണ്ടി ലോട്ടറി വകുപ്പ് നിയന്ത്രണങ്ങളെല്ലാം കാറ്റിൽപറത്തുകയാണ്.
അവസാനത്തെ നാലക്കം ഒരേ സംഖ്യ വരുന്ന ടിക്കറ്റുകൾ ഒരുമിച്ചു വിൽക്കുന്ന രീതിയാണിത്. ഇത്തരത്തിൽ നൂറിലേറെ ടിക്കറ്റുകൾ ഒരുമിച്ചു വിൽക്കുന്ന ഏജൻസികളുണ്ട്. നാലക്കം പരസ്യമായി എഴുതി പ്രദർശിപ്പിച്ചുള്ള ടിക്കറ്റ് വിൽപനയിൽ, നൂറിലേറെ ടിക്കറ്റുകൾ ഒരുമിച്ച് വാങ്ങുന്നവർക്കാണ് മുൻഗണന.
മിക്ക നറുക്കെടുപ്പിലും മൂന്നാം സമ്മാനം മുതൽ ഏഴാം സമ്മാനം വരെ അവസാനത്തെ നാലക്കത്തിന്റെ അടിസ്ഥാനത്തിലാണ് ലോട്ടറി വകുപ്പു നൽകുന്നത്. അതുകൊണ്ട് എടുക്കുന്ന സെറ്റിന് സമ്മാനമുണ്ടെങ്കിൽ ഒരു വ്യക്തിക്ക് തന്നെ വൻ തുക നേടിയെടുക്കാം.
ഉദാഹരണത്തിന് 50 രൂപ വിലയുള്ള ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റിൽ 96 അവസാന നാലക്കങ്ങൾക്ക് സമ്മാനമുണ്ട്. 100 ടിക്കറ്റുകൾക്ക് ചെലവ് 5000 രൂപ. എടുക്കുന്ന സെറ്റിന് 500 രൂപ സമ്മാനമടിച്ചാൽ കിട്ടുക 50,000 രൂപ. ലാഭം 45,000 രൂപ. എടുക്കുന്ന സെറ്റിന് സമ്മാനമില്ലെങ്കിൽ 5,000 രൂപ നഷ്ടമാവുകയും ചെയ്യും. 100 ടിക്കറ്റുകളുള്ള ഒരു സെറ്റെടുക്കുന്നയാൾക്ക് വലിയൊരു തുക സമ്മാനമായി ലഭിക്കുമ്പോൾ 99 പേർക്ക് സമ്മാനം നഷ്ടപ്പെടുകയാണ്.
അടുത്തിടെ കേരള ലോട്ടറിയിൽ സമ്മാനങ്ങൾ വ്യാപകമായി ലഭിക്കുന്നില്ലെന്ന പരാതിക്ക് ഒരു കാരണവും ഈ സെറ്റ് വിൽപനയാണ്. ഓണം ബംപർ ലോട്ടറി ടിക്കറ്റിന്റെ ഓരോ സീരീസിലെയും ടിക്കറ്റുകൾ ഒരുമിച്ചു വിൽക്കുന്ന രീതിയും വ്യാപകമാണ്.