സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ലഗേജ് അലവൻസ് ഇരട്ടിയാക്കി വർധിപ്പിച്ചു; മെസ്സ് അലവൻസും കൂട്ടി
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസും മെസ്സ് അലവൻസും സർക്കാർ വർധിപ്പിച്ചു. ലഗേജ് അലവൻസ് മുൻപുണ്ടായിരുന്ന 300 രൂപയിൽ നിന്ന് ഇരട്ടിയാക്കി 600 രൂപയായാണ് ഉയർത്തിയത്. ക്യാമ്പ് ഫോളോവേഴ്‌സിനും 600 രൂപ അലവൻസ് ലഭ്യമാകും.
പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതിദിന ഭക്ഷണ ചെലവിനുള്ള മെസ്സ് അലവൻസ് നിലവിലുണ്ടായിരുന്ന 79 രൂപയിൽ നിന്ന് 90 രൂപയായി ഉയർത്തിയിട്ടുണ്ട്. തീർത്ഥാടന കാലത്തെ പൊലീസ് മെസ്സ് സൗകര്യങ്ങൾക്കായി ആകെ 3.60 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ പൊലീസ് സേവനങ്ങൾ സുഗമമാക്കാനും ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് മെച്ചപ്പെട്ട താമസം, ഭക്ഷണം, കുടിവെള്ളം എന്നിവ ഉറപ്പാക്കാനും ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകി.
