മധു കൊലക്കേസ്; ശിക്ഷ വർധിപ്പിച്ച ഹൈക്കോടതി വിധിയിൽ സന്തോഷം; ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ട വിധിയിൽ അപ്പീൽ നൽകുമെന്ന് കുടുംബം
അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിച്ച ഹൈക്കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് മധുവിന്റെ കുടുംബം. മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും വിധിയെ സ്വാഗതം ചെയ്തു.കേസിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ച കുടുംബം, ഒന്നാം പ്രതി ഹുസൈനെ വെറുതെവിടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇക്കാര്യത്തിൽ അപ്പീൽ നൽകുമെന്നും അറിയിച്ചു.
മണ്ണാർക്കാട് വിചാരണക്കോടതി വിധിച്ച ഏഴ് വർഷം തടവുശിക്ഷയാണ് ഹൈക്കോടതി ജീവപര്യന്തമായി വർധിപ്പിച്ചത്. 12 പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ശംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ ഉൾപ്പെടെ 12 പേരുടെ ശിക്ഷയാണ് വർധിപ്പിച്ചത്. 16-ാം പ്രതിയുടെ ശിക്ഷ മൂന്ന് മാസത്തിൽ നിന്ന് ഒരു വർഷമാക്കി ഉയർത്തി.അതേസമയം, മധുവിന്റെ അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.
