ഉസ്ബെകിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ടു; സഹപാഠിയായ മലപ്പുറം സ്വദേശി അറസ്റ്റിൽ
ഉസ്ബെകിസ്ഥാനിൽ മെഡിക്കൽ വിദ്യാർഥിനിയായ മലയാളി പെൺകുട്ടി സഹപാഠിയുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് ഡാണാപ്പടി സ്വദേശിനി സാവരിയ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സുഹൃത്തും സഹപാഠിയുമായ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൽ അനം ഉസ്ബെക്കിസ്ഥാനിൽ അറസ്റ്റിലായി. മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു സാവരിയ. കുവൈത്തിൽ ജോലി ചെയ്യുന്ന പിതാവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ നാട്ടിലേക്ക് തിരിച്ചു.
സാവരിയയും സദറുൽ അനവും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. വഴക്കിനിടെ പ്രതി ലാപ്ടോപ് ഉപയോഗിച്ച് സാവരിയയുടെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം ഡൽഹിയിലെത്തിച്ച സാവരിയയുടെ മൃതദേഹം ഇന്ന് വൈകീട്ടോടെ ഹരിപ്പാട്ടെ വീട്ടിലെത്തിക്കും.
