ഒപ്പം പോകാൻ താത്പര്യമില്ലെന്ന് പെൺസുഹൃത്ത്; ഹൈക്കോടതിയിൽ യുവാവിന്റെ ആത്മഹത്യാശ്രമം

  1. Home
  2. Kerala

ഒപ്പം പോകാൻ താത്പര്യമില്ലെന്ന് പെൺസുഹൃത്ത്; ഹൈക്കോടതിയിൽ യുവാവിന്റെ ആത്മഹത്യാശ്രമം

hc kerala


ഹൈക്കോടതിയിൽ യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂർ സ്വദേശിയായ യുവാവാണ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാൾ ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവേയായിരുന്നു സംഭവം. ഒപ്പം പോകാൻ താത്പര്യമില്ലെന്ന് പെൺസുഹൃത്ത് പറഞ്ഞതിന് പിന്നാലെ കൈഞരമ്പ് മുറിക്കുകയായിരുന്നു.

യുവാവും നിയമ വിദ്യാർത്ഥിനിയായ യുവതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവതിയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചിരുന്നു. ഇതിൽ എതിർ കക്ഷിയായിരുന്നു യുവാവ്. ഇതുപ്രകാരമാണ് ഇരുവരും കോടതിയിൽ എത്തിയത്.ഹർജി പരിഗണിക്കവേ യുവാവിനോടൊപ്പം പോകാൻ താത്പര്യമാണോയെന്ന് കോടതി യുവതിയോട് ആരാഞ്ഞു. പോകാൻ താത്പര്യമില്ലെന്നായിരുന്നു മറുപടി. ഇതുകേട്ടതിന് പിന്നാലെ യുവാവ് പുറത്തേയ്ക്ക് ഇറങ്ങി. എവിടെയാണ് പോകുന്നതെന്ന് അഭിഭാഷകർ അടക്കമുള്ളവർ ചോദിക്കുന്നുണ്ടായിരുന്നു. തന്റെ പക്കലുള്ള യുവതിയുടെ സാധനങ്ങൾ തിരിച്ചുനൽകാനെന്നായിരുന്നു ഇയാൾ പറഞ്ഞത്.

തുടർന്ന് വാതിലിന് സമീപം എത്തിയതോടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കൈഞരമ്പ് മുറിക്കുകയായിരുന്നു. ചേമ്പറിൽ ഉണ്ടായിരുന്ന പൊലീസുകാരടക്കം എത്തി യുവാവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി.