ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ
തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ മക്കളുടെ മുന്നിൽ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സുരേഷിനെ (46) മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിലെ ചിദംബരത്തിന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ ഭാര്യയായ ഹസീന ബീവിയെ (36) കൊലപ്പെടുത്തിയ ശേഷം സുരേഷ് കാറിൽ രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഉപയോഗിച്ച കാർ ബാലരാമപുരം റെയിൽവേ സ്റ്റേഷനു സമീപം ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിലാണ് ചിദംബരത്ത് മൃതദേഹം കണ്ടെത്തിയത്.ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നാലാഞ്ചിറയിൽ ഉദിയന്നൂർ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഹസീന ബിവി(36)യെ ആണ് ഭർത്താവ് സുരേഷ് (46) മക്കളുടെ മുന്നിൽ വച്ച് കഴുത്തറുത്തു കൊന്നത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാലു മാസം മുമ്പാണ് ഇവർ നാലാഞ്ചിറയിലെ വാടകവീട്ടിൽ താമസം തുടങ്ങിയത്. സുരേഷും ഹസീനയും തമ്മിൽ നേരത്തേ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് ദിവസങ്ങൾക്കു മുൻപ് ഹസീന വീട്ടിൽനിന്നു പോയി. തുടർന്ന് സുരേഷ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനടയിൽ വിഷം കഴിച്ച് ജീവനൊടുക്കാനും സുരേഷ് ശ്രമിച്ചിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിളിച്ചതിനെ തുടർന്ന് ഹസീന തിരിച്ചെത്താൻ സന്നദ്ധത അറിയിച്ചു. സംഭവം നടക്കുന്നതിന്റെ തലദിവസം വരെ ഇവരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി പ്രശ്നങ്ങൾ പറഞ്ഞു തീർത്ത് ഹസീനയുടെ മാതാവിനെയും മക്കളെയും കൂട്ടിയാണ് വീട്ടിലേക്കു വിട്ടത്. എന്നാൽ പുലർച്ചെ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടാകുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് സുരേഷ് ഭാര്യയുടെ കഴുത്തറുത്തത്. ശേഷം കത്തി കഴുകി വൃത്തിയാക്കി അടുക്കളയിൽ വച്ച ശേഷമാണ് സുരേഷ് രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഹസീനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
