പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിക്ക് 31 വർഷം കഠിന തടവ്
മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 31 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി.
തിരുവാലി കൊളക്കാട്ടിരി സ്വദേശി എം. സഫീറിനെയാണ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം അധിക കഠിന തടവും അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. വിക്ടിം കോമ്പൻസേഷൻ പദ്ധതിപ്രകാരം കൂടുതൽ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും നിർദേശം നൽകി.2024 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയെ പ്രതി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പല ദിവസങ്ങളിലും അതിജീവിതയെ ഓട്ടോറിക്ഷയിൽ വെച്ച് ശാരീരികമായി ഉപദ്രവിച്ചു. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
