ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു; വ്യാജ ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും വിവരം

  1. Home
  2. Kerala

ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു; വ്യാജ ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും വിവരം

Loan app


ഓൺലൈൻ ആപ്പിൽ നിന്നും പണം കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു. വയനാട് അരിമുള സ്വദേശി അജയ് രാജാണ് മരിച്ചത്. കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് ഓൺലൈൻ ആപ്പിൽ നിന്നും ഇയാൾ കടമെടുത്തിരുന്നു. പണം തിരിച്ചടക്കാൻ ഭീഷണി വന്നതിന് പിന്നാലെ ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. വ്യാജ ചിത്രം ഉപയോഗിച്ച് യുവാവിനെ ഭീഷണിപ്പെടുത്തിയതായും സുഹൃത്തുക്കൾ പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് ഓൺലൈൻ ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് കൊച്ചി കടമക്കുടിയിൽ ഒരു കുടുംബമൊന്നാകെ ആത്മഹത്യ ചെയ്തിരുന്നു. ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങൾ യുവതിയുടെ ഫോണിൽ നിന്ന് ലഭിച്ചിരുന്നു. കൂടാതെ സംഘം യുവതിയുടെ ചിത്രം മോർഫ് ചെയ്ത് ബന്ധുക്കളുടെ ഫോണുകളിലേക്ക് അയച്ചതായും വിവരമുണ്ട്.
അതേസമയം, ഓൺലൈൻ വായ്പാ ആപ്പുകളെ നിയന്ത്രിക്കാൻ ഉടനെ നിയമം കൊണ്ടു വരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. നിലവിലെ ഐ.ടി നിയമത്തിൽ ഓൺലൈൻ ആപ്പുകളെ നിയന്ത്രിക്കാൻ പരിമിതികളുണ്ട്. പ്ലേ സ്റ്റോറിൽ ഉൾപ്പെടെ ലഭിക്കുന്ന നിയമ വിരുദ്ധ ആപ്പുകൾക്കെതിരെ നടപടി സ്വീകരിക്കാൻ വ്യവസ്ഥകളുള്ള നിയമമാണ് കൊണ്ടുവരിക. റിസർവ്ബാങ്കിന്റെ അനുമതിയുള്ള ഓൺലൈൻ വായ്‌പാ ആപ്പുകളുടെ പട്ടിക പുറത്തിറക്കും.