മാണി സി. കാപ്പന് ആശ്വാസം; ചെക്ക് കേസിലെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് മുംബൈ കോടതി
പാലാ എംഎൽഎ മാണി സി. കാപ്പനെതിരായ ചെക്ക് കേസിൽ ശിക്ഷ നടപ്പാക്കുന്നത് മുംബൈ കോടതി മരവിപ്പിച്ചു. ദിൻദോഷി സെഷൻസ് കോടതിയാണ് ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചത്. എന്നാൽ പിഴത്തുകയുടെ 20 ശതമാനം കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയ്‌ക്കെതിരെ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് മാണി സി. കാപ്പന്റെ തീരുമാനം.
മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതി നാല് ചെക്ക് കേസുകളിലായി മാണി സി. കാപ്പന് മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീലിലാണ് സെഷൻസ് കോടതിയുടെ ഉത്തരവ്.
അപ്പീൽ പരിഗണിച്ച കോടതി ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചെങ്കിലും പിഴത്തുകയുടെ 20 ശതമാനം കെട്ടിവയ്ക്കണമെന്ന് നിർദേശിച്ചു. ഡിസംബർ 18നകം തുക അടച്ചില്ലെങ്കിൽ അപ്പീൽ തള്ളുമെന്നും കോടതി വ്യക്തമാക്കി. വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
