മഞ്ചേശ്വരം ഇരട്ടക്കൊല; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്.
കാസർകോട് മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെയുണ്ടായ ഇരട്ടക്കൊലപാതകത്തിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയ ധമനിയിലുണ്ടായ ആഴത്തിലുള്ള മുറിവാണ് ജുമൈലയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. തുടയിൽ ആഴത്തിലുണ്ടായ മുറിവിൽനിന്ന് രക്തം വാർന്നു പോകുകയും തുടർന്നുണ്ടായ ഹൃദയാഘാതവുമാണ് ഷേക്കുഞ്ഞിയുടെ മരണത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു.. കൊലപാതകം നടത്തിയ ജുമൈലയുടെ പിതാവ് ഉമ്മർ ഫാറൂഖിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പൊലീസ്. പ്രതി പുതിയ കത്തി വാങ്ങി സൂക്ഷിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഭാര്യയേയും മകളേയും സ്വത്തും നഷ്ടപ്പെടുമെന്ന തോന്നലാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. അക്രമം നടത്താൻ മുൻകൂട്ടി തീരുമാനിച്ചതായി പൊലീസിന് സൂചനയുണ്ട്.
തിങ്കളാഴ്ച്ച വൈകിട്ടാണ് കുടുംബ വഴക്കിനിടെ പിതാവിന്റെ കുത്തേറ്റ് മകൾ ജുമൈല(18) മരിച്ചത്. പിന്നാലെ ആക്രമണത്തിൽ പരിക്കേറ്റ ബന്ധു മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയും(53) മരിച്ചു. ഷേഖ് അബ്ബയുടെ വീട്ടിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്.
