മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ള നിർമാതാക്കൾക്ക് മുൻകൂർ ജാമ്യം

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളായ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്ക് മുൻകൂർ ജാമ്യം. പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുഭവിച്ചത്.
മഞ്ഞുമ്മൽ ബോയ്സിന്റെ ലാഭത്തിന്റെ 40% നൽകാമെന്ന് കാണിച്ച് തന്നിൽ നിന്ന് 7 കോടി രൂപ കൈപ്പറ്റിയിട്ടും ലാഭവിഹിതം നൽകാതെ വഞ്ചിച്ചു എന്നു കാട്ടി അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് . കോടതി നിർദേശപ്രകാരം മരട് പൊലീസ് അന്വേഷണം നടത്തുകയും സൗബിനും മറ്റുള്ളവർക്കുമെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തു. പ്രതികൾ ഗുഢാലോചന നടത്തി പരാതിക്കാരനെ വഞ്ചിച്ചു എന്നായിരുന്നു പൊലീസ് അന്വേഷണം റിപ്പോർട്ട്.
അന്വേഷണത്തോട് സഹകരിക്കണമെന്ന് സൗബിനോടും ഷോൺ ആന്റണിയോടും കോടതി നിർദേശിച്ചു .പ്രതികൾ ജൂലൈ ഏഴിന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു. പ്രതികളെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
തങ്ങൾക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നു പേരും നൽകിയ ഹർജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് വീണ്ടും മുൻകൂർ ജാമ്യത്തിനായി സമീപിച്ചത്.