മണ്ണന്തല രഞ്ജിത് വധക്കേസ്: 11 സിപിഎം പ്രവർത്തകർ കുറ്റക്കാർ; ശിക്ഷ നാളെ വിധിക്കും

  1. Home
  2. Kerala

മണ്ണന്തല രഞ്ജിത് വധക്കേസ്: 11 സിപിഎം പ്രവർത്തകർ കുറ്റക്കാർ; ശിക്ഷ നാളെ വിധിക്കും

image


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിൽ ആകെ 12 പ്രതികളാണുള്ളത്. ഇതിൽ ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല. കുറ്റക്കാരെന്ന് കണ്ടെത്തിയ 11 പ്രതികളുടെ ശിക്ഷ നാളെ പ്രഖ്യാപിക്കും.

രാഷ്ട്രീയ വിരോധത്തെത്തുടർന്ന് ആർഎസ്എസ് പ്രവർത്തകനായ രഞ്ജിത്തിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്. 2008 ഒക്ടോബർ 17ന് പുലർച്ചെ 5.15നായിരുന്നു സംഭവം. മണ്ണന്തലയിലെ സ്വന്തം ബേക്കറിയിൽ നിൽക്കുകയായിരുന്ന രഞ്ജിത്തിനെ രണ്ട് കാറുകളിലും ബൈക്കിലുമായി എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് അഭിഭാഷകനായ പ്രതാപ് ജി. പടിക്കലിനെയാണ് കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. വിചാരണയ്ക്കിടെ 14 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ചില പൊലീസുകാർ കൂറുമാറിയിരുന്നുവെങ്കിലും 11 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ശിക്ഷ സംബന്ധിച്ച വിധി നാളെയുണ്ടാകും.