വ്യാജരേഖ കേസ്: ഷാജൻ സ്‌കറിയ അറസ്റ്റിൽ
വ്യാജരേഖ ചമച്ച കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയ അറസ്റ്റിൽ. ബി എസ് എൻ എൽ ബിൽ വ്യാജമായി നിർമിച്ചുവെന്ന കേസിലാണ് അറസ്റ്റ്. നിലമ്പൂരിൽ ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൃക്കാക്കര പൊലീസാണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡൽഹിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാൾ മുഖ്യമന്ത്രിയ്ക്ക് ഇമെയിലിലൂടെ നൽകിയ പരാതിയിലാണ് നടപടി.
മതസ്പർദ്ധ വളർത്തുന്ന വീഡിയോ സംപ്രേഷണം ചെയ്‌തെന്നാരോപിച്ച് നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഷാജൻ സ്‌കറിയ ഇന്ന് രാവിലെ പത്തിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം അന്ത്യശാസനം നൽകിയിരുന്നു.
ഹാജരായില്ലെങ്കിൽ അനുവദിച്ച ഇടക്കാല മുൻകൂർജാമ്യം റദ്ദാക്കുമെന്ന് ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കുകയും ചെയ്തു.ഷാജൻ ഇതുവരെ ചോദ്യംചെയ്യലിന് ഹാജരാകാത്തതിനാൽ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് കഴിഞ്ഞദിവസം പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇന്നലെത്തന്നെ ഹാജരാകാമെന്ന് ഷാജന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും ഇന്നുരാവിലെ ഹാജരായാൽ മതിയെന്ന് സിംഗിൾബെഞ്ച് നിർദ്ദേശിക്കുകയായിരുന്നു.