അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട
എറണാകുളം അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട. 110 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കേരളത്തിലെത്തിച്ച കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്.
സമീപകാലത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നാണ് ഇന്ന് പുലർച്ചെ അങ്കമാലിയിൽ നടന്നത്. കറുകുറ്റി റെയില്‍വേ സ്റ്റേഷനു മുന്നില്‍ നടത്തിയ പരിശോധനയില്‍ 110 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാര്‍ പിടിയിലാവുകയായിരുന്നു. എക്‌സൈസ് അങ്കമാലി റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായിരുന്നു പരിശോധന. ഒഡീഷാ സ്വദേശികളായ നാലു പേരാണ് പാക്കറ്റുകളില്‍ ആക്കി ട്രാവല്‍ ബാഗുകളില്‍ കഞ്ചാവ് കടത്തിയത്. ബാലഭദ്ര ധരുവ, ലക്ഷ്മണ്‍ പത്ര, തരാശ്വര്‍ പത്ര, പ്രദീപ് ഗഡ്ഡേ എന്നിവരാണ് പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് ചില്ലറ വില്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് എക്‌സൈസ് അറിയിച്ചു.കഞ്ചാവ് കടത്തിന് പിന്നിൽ പ്രവർത്തിക്കുന്ന മുഖ്യ ആസൂത്രകരെയും വിതരണ ശൃംഖലയെയും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായും എക്‌സൈസ് അറിയിച്ചു.
അതേസമയം, കോഴിക്കോട് കൊടുവള്ളിയിൽ 36 ഗ്രാം എംഡിഎംഎയുമായി മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.ചെറിയ പാക്കറ്റുകളില്‍ ആക്കി കാറില്‍ സഞ്ചരിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. ലഹരി വില്പനയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിവന്ന യുവതിയെയും വടകര പോലീസും കോഴിക്കോട് റൂറല്‍ ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. മരുതോങ്കര സ്വദേശി കീര്‍ത്തനയാണ് അറസ്റ്റിലായത്. ലക്ഷക്കണക്കിന് പണം കീര്‍ത്തനയുടെ അക്കൗണ്ടിലേക്ക് ലഹരി വില്പനയുടെ ഭാഗമായി എത്തിയിരുന്നെന്നും പൊലീസ് പറയുന്നു.
