രാമനാട്ടുകരയിൽ വൻ തീപ്പിടിത്തം; ഒന്നരക്കോടിയുടെ പെയിന്റും ലക്ഷങ്ങളുടെ പണവും കത്തിനശിച്ചു
കോഴിക്കോട് രാമനാട്ടുകര എയർപോർട്ട് റോഡിലെ ഏഷ്യൻ പെയിന്റ്‌സ് ഔട്ട്‌ലെറ്റിൽ ഉണ്ടായ വൻ തീപ്പിടിത്തത്തിൽ കോടികളുടെ നഷ്ടം. ഒന്നരക്കോടിയോളം രൂപയുടെ പെയിന്റ് സാമഗ്രികളും ഒൻപത് ലക്ഷത്തിലധികം രൂപയുടെ കറൻസിയും കത്തിനശിച്ചതായി കടയുടമ അറിയിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. കടയിൽ നിന്ന് പുക ഉയരുന്നത് സമീപത്തെ വ്യാപാരികളാണ് ആദ്യം ശ്രദ്ധിച്ചത്. ഉടൻ അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.നാല് യൂണിറ്റ് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി ഏകദേശം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഒന്നരക്കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നാണ് കടയുടമ പറയുന്നത്. കടയുടെ ഡിസ്‌പ്ലേയിൽ വെച്ച ഏതാനും ടിന്നുകൾ ഒഴികെ ബാക്കിയെല്ലാം കത്തിനശിച്ചു. 9,35,000 രൂപയുടെ കറൻസികൾ കത്തിച്ചാമ്പലായെന്നും അദ്ദേഹം പറഞ്ഞു.
ശനി, ഞായർ ദിവസങ്ങളിൽ ബാങ്ക് ഇല്ലാതിരുന്നതിനാലാണ് അത്രയും പണം കടയിൽ സൂക്ഷിച്ചതെന്നും ഉടമ വ്യക്തമാക്കുന്നു. ഞായറാഴ്ചയായതിനാൽ കട രാവിലെ കുറച്ചുസമയം മാത്രമാണ് പ്രവർത്തിച്ചിരുന്നത്. കട പൂട്ടി വീട്ടിലെത്തിയതിന് പിന്നാലെയാണ് സമീപത്തെ കടയിലെ ജീവനക്കാർ തീപ്പിടിത്ത വിവരം അറിയിച്ചതെന്ന് ഉടമ പറഞ്ഞു.തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
