ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി; ആറ് ജില്ലകളിൽ പുതിയ കളക്ടർമാർ, പിബി നൂഹ് ജിഎസ്ടി കമ്മീഷണർ
സംസ്ഥാനത്തെ ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി. കണ്ണൂർ ഉൾപ്പെടെ സംസ്ഥാനത്തെ ആറ് ജില്ലാ കളക്ടർമാരെ മാറ്റി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ആക്ഷേപങ്ങളും വിവാദങ്ങളും നേരിട്ട കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ പദവിയിൽ നിന്നും മാറ്റി. വ്യവസായ വകുപ്പ് ഡയറക്ടറായാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം. പി. വിഷ്ണുരാജാണ് കണ്ണൂരിന്റെ പുതിയ ജില്ലാ കളക്ടർ.
ഗതാഗത സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന പി.ബി. നൂഹിനെ ജി.എസ്.ടി. കമ്മീഷണറായി നിയമിച്ചു. കോഴിക്കോട്, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ, കൊല്ലം ജില്ലാ കളക്ടർമാർക്കും മാറ്റമുണ്ട്. എം.എസ്. മാധവിക്കുട്ടിയെ കോഴിക്കോട് കളക്ടറായും, എ. നിസാമുദ്ദീനെ പത്തനംതിട്ട കളക്ടറായും നിയമിച്ചു. കെ. സുധീറാണ് പാലക്കാട്ടെ പുതിയ കളക്ടർ. ഷാജി വി. നായരെ ആലപ്പുഴ ജില്ലാ കളക്ടറായും, ആനി ജൂല തോമസിനെ കൊല്ലം കളക്ടറായും നിയോഗിച്ചിട്ടുണ്ട്.
പട്ടീൽ അജിത് ഭഗവത് റാവുവിനെ പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിച്ചു. ഇതോടൊപ്പം, പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച യു. രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.
