എസ്.ഐ.ആറിന്റെ പേരിൽ വൻ തട്ടിപ്പ്; വ്യാജ ആപ്പുകളിൽ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പ്
ഓൺലൈൻ ഫോം പൂരിപ്പിക്കലിലൂടെയും സർവേകളിലൂടെയും പണം സമ്പാദിക്കാമെന്ന് വാഗ്ദാനം നൽകി നടത്തുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്. എസ്.ഐ.ആർ (SIR) ഫോം പൂരിപ്പിച്ചു നൽകാം എന്ന വ്യാജേന എത്തുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ അറിയിച്ചു. വാട്‌സാപ്പ്, ടെലഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് തട്ടിപ്പുകാർ ആളുകളെ ബന്ധപ്പെടുന്നത്.
ഇത്തരം വ്യാജ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപഭോക്താവിന്റെ ബാങ്കിങ് വിവരങ്ങൾ, എസ്.എം.എസ്, ഒ.ടി.പി, കോൺടാക്റ്റ് ലിസ്റ്റ് എന്നിവ പൂർണ്ണമായും ചോർത്താൻ തട്ടിപ്പുകാർക്ക് സാധിക്കും. ഫോണിന്റെ നിയന്ത്രണം കൈക്കലാക്കുന്ന ഇവർ ഒ.ടി.പി പിടിച്ചെടുത്ത് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വൻതോതിൽ പണം കവരുകയാണ് ചെയ്യുന്നത്. ഒരിക്കൽ പണം നഷ്ടപ്പെട്ടവരോട് വീണ്ടും വ്യാജ കാരണങ്ങൾ പറഞ്ഞ് കൂടുതൽ തുക തട്ടിയെടുക്കുന്ന രീതിയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
അപരിചിതർ അയക്കുന്ന സംശയാസ്പദമായ ലിങ്കുകളിലോ എ.പി.കെ (APK) ഫയലുകളിലോ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. സൈബർ തട്ടിപ്പിന് ഇരയാകുന്നവർ എത്രയും വേഗം '1930' എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണെന്നും പൊലീസ് നിർദ്ദേശിച്ചു.
