നിലമ്പൂരിൽ വൻ മരംകൊള്ള; നിക്ഷിപ്ത വനഭൂമിയിൽ നിന്ന് 23 മരങ്ങൾ കടത്തി

  1. Home
  2. Kerala

നിലമ്പൂരിൽ വൻ മരംകൊള്ള; നിക്ഷിപ്ത വനഭൂമിയിൽ നിന്ന് 23 മരങ്ങൾ കടത്തി

image


മലപ്പുറം നിലമ്പൂർ വനമേഖലയിൽ വൻ മരംകൊള്ള. കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിലെ മുത്തപ്പൻകുന്നിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന തേക്ക്, വീട്ടി ഉൾപ്പെടെയുള്ള മരങ്ങൾ വെട്ടിക്കടത്തി. ഏഴര ഏക്കർ വരുന്ന നിക്ഷിപ്ത വനഭൂമിയിൽ നിന്നാണ് 23 മരങ്ങൾ മുറിച്ചുമാറ്റിയത്.

കവളപ്പാറ മണ്ണിടിച്ചിൽ മേഖലയോട് ചേർന്ന മുത്തപ്പൻകുന്നിൽ രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നതെന്നാണ് വിവരം. വനത്തിൽ നിന്ന് മുറിച്ച മരങ്ങൾ ട്രാക്ടറിൽ കടത്തിക്കൊണ്ടുപോയതായാണ് കണ്ടെത്തൽ. വാഹനങ്ങൾ എത്താൻ പോലും പ്രയാസമുള്ള ദുർഘട പ്രദേശത്ത് മണിക്കൂറുകളെടുത്ത് മരങ്ങൾ മുറിച്ചുകടത്തിയിട്ടും ദിവസങ്ങൾക്കുശേഷമാണ് വനംവകുപ്പ് വിവരമറിഞ്ഞതെന്ന ആരോപണവും ഉയരുന്നുണ്ട്.

വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് മരം മുറിച്ചുകടത്തിയതായി കണ്ടെത്തിയത്. എന്നാൽ ആരാണ് മരങ്ങൾ കടത്തിയതെന്നോ എങ്ങോട്ടാണ് കൊണ്ടുപോയതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിൽ പ്രതികളെയും കടത്തിയ മരങ്ങളും കണ്ടെത്തുന്നത് വനംവകുപ്പിന് വെല്ലുവിളിയാകും.

സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സുരക്ഷാവീഴ്ചയോ മറ്റ് ഗുരുതര വീഴ്ചകളോ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും.