കൊണ്ടോട്ടിയിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽനിന്ന് എം.ഡി.എം.എ പിടികൂടി; എക്സൈസ് വാഹനം കണ്ട് ഓടിരക്ഷപ്പെട്ടു

  1. Home
  2. Kerala

കൊണ്ടോട്ടിയിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽനിന്ന് എം.ഡി.എം.എ പിടികൂടി; എക്സൈസ് വാഹനം കണ്ട് ഓടിരക്ഷപ്പെട്ടു

mdma


കോളജിലെ ഓണാഘോഷത്തിനിടെ മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർഥികളുടെ കാറിൽനിന്ന് എം.ഡി.എം.എ പിടികൂടി. ഓണത്തോടനുബന്ധിച്ച് മലപ്പുറം എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മാരക രാസലഹരി കണ്ടെടുത്തത്.

കോളജ് ഗ്രൗണ്ടിന് സമീപം സംശയാസ്പദമായ രീതിയിൽ നിർത്തിയിട്ടിരുന്ന കാറിന് അടുത്തേക്ക് എക്‌സൈസ് വാഹനം എത്തിയതോടെ വിദ്യാർഥികൾ ഇറങ്ങി ഓടുകയായിരുന്നു. തുടന്ന് കാറിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കണ്ടാലറിയാവുന്ന മൂന്ന് വിദ്യാർഥികൾക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കാർ എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം, ഓണക്കാലത്ത് ലഹരി കടത്ത് തടയാൻ നടക്കുന്ന 'ഓപറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ 74 പേർ കൂടി അറസ്റ്റിലായതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. ഇതുവരെ 9,280 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.