അഞ്ചാംപനി: മലപ്പുറത്ത് ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ടു മരണം; ജാഗ്രത പാലിക്കാനും വാക്‌സിനെടുക്കാനും നിർദേശം

  1. Home
  2. Kerala

അഞ്ചാംപനി: മലപ്പുറത്ത് ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ടു മരണം; ജാഗ്രത പാലിക്കാനും വാക്‌സിനെടുക്കാനും നിർദേശം

measles


മലപ്പുറം ജില്ലയിൽ അഞ്ചാംപനി ബാധിച്ച് ഒരു വയസ്സുകാരൻ ബുധനാഴ്ച മരിച്ചു. കഴിഞ്ഞ സെപ്റ്റംബർ 15-ന് വളവന്നൂരിൽ പത്തുമാസം പ്രായമുള്ള കുട്ടി മരിച്ചതിനു പിന്നാലെയാണിത്. ഇതോടെ ജില്ലയിൽ ഒരാഴ്‌ചയ്ക്കിടെ അഞ്ചാംപനി മൂലം മരിച്ചവരുടെ എണ്ണം രണ്ടായി. നിലവിൽ 103 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 476 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.

മീസിൽസ് വൈറസ് മൂലം വായുവിലൂടെ പകരുന്ന രോഗമാണിത്. വൈറസ് ബാധിച്ച് 10 മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ, പനി, ചുമ, ജലദോഷം, വയറിളക്കം, ഛർദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ആറുമാസം മുതൽ മൂന്നുവയസ്സുവരെയുള്ള കുട്ടികളിലാണ് രോഗം ഗുരുതരമാകാൻ സാധ്യത കൂടുതൽ. മുതിർന്നവരിലും അഞ്ചാംപനി വരാറുണ്ട്. എം.ആർ. വാക്‌സിൻ (MR Vaccine) കൃത്യമായി നൽകുന്നത് വഴി രോഗത്തെ തടയാനാകും. ഒൻപതാം മാസത്തിൽ ആദ്യ ഡോസും 16-ാം മാസത്തിൽ രണ്ടാം ഡോസും നൽകണം. വാക്‌സിൻ എടുക്കാത്ത കുട്ടികൾക്ക് അഞ്ചുവയസ്സുവരെ സൗജന്യമായി വാക്‌സിൻ സ്വീകരിക്കാം.

വാക്‌സിനേഷനോടുള്ള വിമുഖത ഒഴിവാക്കണമെന്നും ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ അരുതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. വിനോദ് അറിയിച്ചു. മാസ്‌ക് ധരിക്കുക, കൈകൾ കഴുകുക, രോഗമുള്ള കുട്ടികളെ പൂർണമായി ഭേദമാകുന്നതുവരെ സ്കൂളിൽ അയക്കാതിരിക്കുക എന്നിവ നിർബന്ധമായും പാലിക്കണം.