സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാംപനി പടരുന്നു; ഒരാഴ്ചക്കിടെ മലപ്പുറത്ത് രണ്ടു മരണം
കേരളത്തിൽ കുട്ടികള്‍ക്കിടയില്‍ അഞ്ചാംപനി പടരുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചക്കിടെ മലപ്പുറത്ത് രണ്ടു കുട്ടികളാണ് രോഗം ബാധിച്ച് മരിച്ചത്. ഈ വര്‍ഷം ഇതുവരെ നാല് അഞ്ചാംപനി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 2362 കുട്ടികള്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 1702 കുട്ടികള്‍ സമാന ലക്ഷണങ്ങളുമായും, 660 പേര് രോഗം സ്ഥിരീകരിച്ചും ചികിത്സ തേടി. മലപ്പുറത്ത് മരിച്ച രണ്ടു കുട്ടികളും പ്രതിരോധ വാക്സിന് എടുത്തിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ‘മിഷൻ ഇന്ദ്രധനുഷ് 5.0’ യജ്ഞം തുടങ്ങാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആഗസ്റ്റ് 7 മുതൽ 12 വരെ ആദ്യഘട്ടവും, സെപ്റ്റംബർ 11 മുതൽ 16 വരെ രണ്ടാംഘട്ടവും, ഒക്ടോബർ ഒമ്പതു മുതൽ 14 വരെ മൂന്നാംഘട്ടവും നടക്കും. വാക്സിനേഷനിൽ ഏറ്റവും പിറകിൽ നിൽക്കുന്ന ജില്ലകൾക്ക് പ്രത്യേക ഊന്നൽ കൊടുത്താവും പദ്ധതി നടപ്പിലാക്കുക.