എംജി സർവകലാശാലയിലെ മാധ്യമ നിയന്ത്രണം: വിലക്കില്ലെന്ന് വിസി; ഉത്തരവ് പിൻവലിക്കണമെന്ന് മന്ത്രി

  1. Home
  2. Kerala

എംജി സർവകലാശാലയിലെ മാധ്യമ നിയന്ത്രണം: വിലക്കില്ലെന്ന് വിസി; ഉത്തരവ് പിൻവലിക്കണമെന്ന് മന്ത്രി

image


കോട്ടയം എംജി സർവകലാശാലയിലെ മാധ്യമ നിയന്ത്രണ വിവാദത്തിൽ വിശദീകരണവുമായി വൈസ് ചാൻസലർ ഡി. മാവൂത്. സർവകലാശാലയിൽ മാധ്യമങ്ങളെ വിലക്കാനോ വാർത്തകൾ ശേഖരിക്കുന്നത് തടയാനോ തീരുമാനമെടുത്തിട്ടില്ലെന്ന് വിസി വ്യക്തമാക്കി. സന്ദർശകർക്ക് ഏർപ്പെടുത്തിയിട്ടുള്ളതിന് സമാനമായി സർവകലാശാലയിലേക്കുള്ള പ്രവേശനം കൂടുതൽ സുതാര്യമാക്കാനാണ് നിർദേശം നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു.

മുൻകൂർ അനുമതിയോടെ മാധ്യമപ്രവർത്തകർക്ക് സർവകലാശാലയിൽ പ്രവേശിക്കാം. ഇതിനായി പിആർഒയെ മുൻകൂട്ടി അറിയിക്കണം. ആവശ്യമായ എല്ലാ സഹായങ്ങളും പിആർഒ ഓഫീസ് വഴി ലഭ്യമാക്കുമെന്നും വിസി അറിയിച്ചു.

അതേസമയം, വിസിയുടെ നടപടിക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. മാധ്യമ നിയന്ത്രണവുമായി ബന്ധപ്പെട്ട ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉത്തരവ് ഏകാധിപത്യ പ്രവണതയുടെയും ജനാധിപത്യവിരുദ്ധ സമീപനത്തിന്റെയും ഭാഗമാണെന്നാണ് മന്ത്രിയുടെ വിമർശനം.

സർവകലാശാലകളിൽ ഇത്തരം നടപടികൾ അനുവദിക്കില്ലെന്നും മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള നീക്കങ്ങളെ ശക്തമായി എതിർക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉത്തരവ് പിൻവലിക്കാൻ സർവകലാശാലാ അധികൃതർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.