അപസ്മാരത്തിനുള്ള മരുന്നിന് പകരം നൽകിയത് മനോരോഗത്തിനുള്ള മരുന്ന്; ഓട്ടിസം ബാധിച്ച യുവാവ് ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരത്ത് മരുന്ന് മാറി നൽകിയതിനെ തുടർന്ന് ഓട്ടിസം ബാധിച്ച 26കാരൻ ഗുരുതരാവസ്ഥയിൽ. ആണ്ടൂർകോണം സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെയാണ് ബന്ധുക്കളുടെ പരാതി. അപസ്മാരത്തിന് കഴിക്കുന്ന ക്ലോബാസം എന്ന മരുന്നിന് പകരം ക്ലോസാപ്പൈൻ നൽകിയെന്നാണ് ആരോപണം. യുവാവ് നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ എംഐസിയുവിൽ തീവ്രപരിചരണത്തിലാണ്.
വർഷങ്ങളായി അപസ്മാരത്തിന് മരുന്ന് കഴിക്കുന്ന അമ്പരീഷ് എല്ലാ മാസവും ആണ്ടൂർകോണം സാമൂഹികാരോഗ്യ കേന്ദ്രത്തിൽനിന്നാണ് മരുന്ന് വാങ്ങിയിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച അമ്മ ഡോക്ടറെ കാണിച്ചപ്പോൾ മരുന്ന് തുടരാൻ നിർദേശിച്ചു. തുടർന്ന് ഫാർമസിയിൽനിന്ന് മരുന്ന് വാങ്ങിയെങ്കിലും ക്ലോബാസത്തിന് പകരം ക്ലോസാപ്പൈനാണ് നൽകിയതെന്നാണ് പരാതി. രണ്ട് മരുന്നുകളുടെയും പേരിലും കാഴ്ചയിലും സാമ്യമുണ്ടായിരുന്നുവെന്ന് അമ്പരീഷിന്റെ അമ്മ പറയുന്നു.
വെള്ളിയാഴ്ച രാവിലെയും ഉച്ചയ്ക്കും അമ്പരീഷ് മരുന്ന് കഴിച്ചിരുന്നു. വൈകിട്ട് മുറിയിലെത്തിയ അമ്മ കണ്ടത് അബോധാവസ്ഥയിൽ കിടക്കുന്ന മകനെയായിരുന്നു. ഉടൻ ആണ്ടൂർകോണം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ബന്ധുക്കൾ പോത്തൻകോട് പൊലീസിലും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.
