ധ്യാനഗുരുവും പ്രശസ്ത ക്രൈസ്തവ ഭക്തിഗാന രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു
പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്തെ പ്രമുഖ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വി.സി (77) അന്തരിച്ചു. കോട്ടയം അടിച്ചിറയിലുള്ള ധ്യാനകേന്ദ്രത്തിലായിരുന്നു അന്ത്യം. വിൻസെൻഷ്യൻ സഭ സെന്റ് ജോസഫ് പ്രൊവിൻസ് അംഗമായ അദ്ദേഹം വചനപ്രഘോഷകൻ, സാഹിത്യകാരൻ, മാധ്യമപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. 1974 ഡിസംബർ 19-ന് വൈദികനായ അദ്ദേഹം അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യ ജീവിതത്തിലൂടെ ഇന്ത്യയിലും വിദേശത്തുമായി നിരവധി ആത്മീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
'തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ', 'നിത്യത തീർക്കുന്ന നിമിഷങ്ങളിൽ', 'ശ്യാമാംബരത്തിലെ സൗന്ദര്യമായി നീ', 'പിതാവേ അനന്ത നന്മയാകും' തുടങ്ങി ക്രൈസ്തവർക്കിടയിൽ ഏറെ പ്രശസ്തമായ എഴുന്നൂറിലധികം ഭക്തിഗാനങ്ങളുടെ രചയിതാവാണ് അദ്ദേഹം. പോപ്പുലർ മിഷൻ ഡയറക്ടർ, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ടർ, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്റർ ഡയറക്ടർ, അസിസ്റ്റന്റ് പ്രൊവിൻഷ്യൽ സുപ്പീരിയർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ പാലാ വിൻസെൻഷ്യൻ മൈനർ സെമിനാരി, ആലുവ വിൻസെൻഷ്യൻ വിദ്യാഭവൻ എന്നിവിടങ്ങളിൽ സ്പിരിച്വൽ ഡയറക്ടറായും നോവിസ് മാസ്റ്ററായും പ്രവർത്തിച്ചു.
കോതമംഗലം, കലൂർ, വട്ടപ്പാറ ആശ്രമങ്ങളിൽ സുപ്പീരിയറായും അങ്കമാലി, തോട്ടകം ആശ്രമങ്ങളിൽ പ്രൊക്യുറേറ്ററായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കോയമ്പത്തൂർ ഹോളി ട്രിനിറ്റി ഫൊറോനയിൽ അസിസ്റ്റന്റ് വികാരിയായും പാലക്കയം ഇടവകയിൽ വികാരിയായും സേവനമനുഷ്ഠിച്ച അദ്ദേഹം ആറ്റിങ്ങൽ, നെടുമങ്ങാട്, കിള്ളി മിഷൻ പള്ളികളിൽ പ്രീസ്റ്റ്-ഇൻ-ചാർജ് ആയിരുന്നു. പ്രശസ്ത ആത്മീയ മാസികയായ 'വചനോത്സവ'ത്തിന്റെ സ്ഥാപക പത്രാധിപരുമായിരുന്നു. സിറോ മലബാർ സഭയുടെ വിശുദ്ധ കുർബാന ടെക്സ്റ്റ് തയ്യാറാക്കിയ കമ്മിറ്റിയിൽ അംഗമായിരുന്ന അദ്ദേഹം കുർബാന ഗാനങ്ങളുടെ രചനയിലും വലിയ പങ്കുവഹിച്ചു. കെ.സി.ബി.സി അവാർഡ്, ശാലോം മീഡിയ അവാർഡ്, സിസിലിയൻ അവാർഡ്, ഗുഡ്നസ് മീഡിയ അവാർഡ്, ലൂമിനസ് അവാർഡ് തുടങ്ങി നിരവധി ആദരവുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അന്തീനാട് പനച്ചിക്കൽ പരേതരായ ദേവസ്യ-ഏലി ദമ്പതികളുടെ മകനാണ്.
