ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച; എഡിജിപി എം ആര്‍ അജിത് കുമാർ പൊലീസ് അസ്ഥാനത്ത്, വീണ്ടും മൊഴി രേഖപ്പെടുത്തി
ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മൊഴിയെടുത്തു. പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ഡിജിപിയാണ് അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തുന്നത്. ഇത് രണ്ടാം തവണയാണ് അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്
കഴിഞ്ഞ ദിവസമാണ് ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ചയില്‍ അന്വേഷണം പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തിന് പുറമെ മുന്നണിയില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെടുത്തിയും ആര്‍എസ്എസ്- എഡിജിപി കൂടിക്കാഴ്ചയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
എഡിജിപി എം ആര്‍ അജിത് കുമാര്‍ രണ്ട് പ്രമുഖ ആര്‍എസ്എസ് നേതാക്കളുമായായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി സമ്മതിച്ചിരുന്നു. സ്വകാര്യ സന്ദര്‍ശനം ആണെന്നായിരുന്നു വിശദീകരണം. ദത്താത്രേയ ഹൊസബാളെ തൃശൂരില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ദിവസം എഡിജിപി എം ആര്‍ അജിത്കുമാര്‍ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പൊലീസ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടുവെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. തിരുവനന്തപുരം കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച്ച. രണ്ട് തവണ കൂടിക്കാഴ്ച്ച നടത്തിയെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടും അജിത് കുമാര്‍ സജീവമായിരുവെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.