മെസ്സി വിവാദം: സ്പോൺസർമാരെ നിശ്ചയിച്ചതിൽ ക്രമക്കേടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; കുറ്റക്കാർക്കെതിരെ നടപടി
മെസ്സി വിവാദവുമായി ബന്ധപ്പെട്ട കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ അതീവ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇടപാടിൽ ജി.എസ്.ടി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് മുൻ സർക്കാർ കണ്ടെത്തി നോട്ടീസ് നൽകിയിരുന്നെങ്കിലും കഴിഞ്ഞ ഏഴ് മാസമായി അന്വേഷണം മരവിപ്പിച്ചു നിർത്തിയിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്പോൺസർമാരെ തീരുമാനിച്ചതിൽ വലിയ ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്. താല്പര്യപത്രം ക്ഷണിക്കാതെയാണ് സ്പോൺസർമാരെ നിശ്ചയിച്ചതെന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട്. പദ്ധതിക്കായി സാമ്പത്തിക സമാഹരണം നടത്തിയത് എവിടെനിന്നാണെന്ന കാര്യവും അന്വേഷിക്കും. അന്വേഷണത്തിലെ അനാസ്ഥയെക്കുറിച്ച് പ്രത്യേകമായി പരിശോധിക്കുമെന്നും സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രമേ കേസ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ. സ്വകാര്യ ഏജൻസികൾ ഏതെങ്കിലും തരത്തിൽ സർക്കാരിനെ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
