മെസി സന്ദർശന തട്ടിപ്പ് കേസ്; മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി
ലയണൽ മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർത്ത് പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവർണർ ഓംപ്രകാശ് മാത്തൂർ അനുമതി നൽകി. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താനായി സംസ്ഥാന സർക്കാർ നേരത്തെ രാജ്ഭവന് കൈമാറിയ ഫയലിലാണ് ഗവർണറുടെ സുപ്രധാന തീരുമാനമുണ്ടായത്.
മുൻ ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഭരണകാലത്താണ് പ്രോസിക്യൂഷൻ അനുമതി തേടി സർക്കാർ രാജ്ഭവനെ സമീപിച്ചിരുന്നത്. എന്നാൽ അന്ന് ഫയലിൽ തീരുമാനമെടുത്തിരുന്നില്ല. തുടർന്ന് ചുമതലയേറ്റ ഗവർണർ ഓംപ്രകാശ് മാത്തൂർ വിഷയം വിശദമായി പരിശോധിക്കുകയും നിയമോപദേശം തേടുകയും ചെയ്ത ശേഷമാണ് അനുമതി നൽകിയത്. ഗവർണറുടെ അനുമതി ലഭിച്ചതോടെ മുൻ മന്ത്രിയെ കേസിൽ പ്രതിചേർക്കാനും ചോദ്യംചെയ്യൽ, അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികളുമായി മുന്നോട്ടുപോകാനും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) സാധിക്കും.
വിശദമായ അന്വേഷണത്തിന് ശേഷം എസ്.ഐ.ടി സമർപ്പിച്ച റിപ്പോർട്ടിൽ വി. അബ്ദുറഹ്മാൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ, യു. ഷറഫലി, സി. സത്യപാലൻ എന്നിവരുൾപ്പെടെ അഞ്ച് പേരെ പ്രതിചേർക്കാനാണ് അനുമതി തേടിയിരുന്നത്. മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് അനധികൃതമായി ടെൻഡർ നൽകി സ്പോൺസർഷിപ്പ് അനുവദിച്ചു, മറ്റ് വകുപ്പുകളെ ഇരുട്ടിൽ നിർത്തി, ഔദ്യോഗിക പദവിയും സർക്കാർ രേഖകളും ദുരുപയോഗം ചെയ്തു തുടങ്ങിയ ഗുരുതരമായ വീഴ്ചകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിനുപുറമെ ജി.എസ്.ടി തട്ടിപ്പും കോടികളുടെ ക്രമക്കേടും നടന്നതായും എസ്.ഐ.ടി വിലയിരുത്തിയിട്ടുണ്ട്.
