മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചു; അബദ്ധം സംഭവിച്ചതെന്ന് വിശദീകരണം
മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ 'സി.എം.ഒ കേരള'ത്തിൽ നിന്ന് നീക്കം ചെയ്ത രണ്ട് പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചു. സാങ്കേതികമായി അബദ്ധം സംഭവിച്ചതാണെന്ന് വ്യക്തമാക്കി മെറ്റ മുഖ്യമന്ത്രിയുടെ ഓഫീസിന് ഔദ്യോഗികമായി മറുപടി നൽകി.
ആശാ പ്രവർത്തകർക്കുള്ള ഉത്സവബത്ത വർധിപ്പിച്ചത് അറിയിച്ചുകൊണ്ടുള്ള ഓഗസ്റ്റ് 19-ലെ പോസ്റ്റും നബിദിനാശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റുമാണ് ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായിരുന്നത്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. ഖേൽക്കർ മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ചിരുന്നു. പോസ്റ്റുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും നീക്കം ചെയ്തതിന്റെ കാരണം വ്യക്തമാക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
തുടർന്നാണ് വിഷയത്തിൽ ഇടപെട്ട് മെറ്റ മറുപടി നൽകിയതും പോസ്റ്റുകൾ തിരികെ പേജിൽ ലഭ്യമാക്കിയതും. പരിശോധനാ പ്രക്രിയയിൽ തങ്ങൾക്ക് സംഭവിച്ച പിഴവാണെന്ന് വ്യക്തമാക്കിയ മെറ്റ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. നിലവിൽ നീക്കം ചെയ്യപ്പെട്ട രണ്ട് പോസ്റ്റുകളും പേജിൽ പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
