മെട്രോ സമയം വർദ്ധിപ്പിച്ചു; ഫെബ്രുവരി 15 മുതൽ സർവീസ് രാത്രി 11 വരെ, ശിവരാത്രിക്ക് സ്‌പെഷ്യൽ സർവീസും
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവും രാത്രികാല യാത്രക്കാരുടെ ആവശ്യങ്ങളും പരിഗണിച്ച് കൊച്ചി മെട്രോ റെയിൽ സർവീസ് സമയം വർധിപ്പിച്ചു. 2026 ഫെബ്രുവരി 15 ഞായറാഴ്ച മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും.നഗരത്തിന്റെ രാത്രികാല സജീവത വർധിച്ച സാഹചര്യത്തിലാണ് മെട്രോ അധികൃതരുടെ ഈ നടപടി. മുമ്പുണ്ടായിരുന്നതിനേക്കാൾ വൈകി സർവീസ് അവസാനിപ്പിക്കുന്നതിലൂടെ ജോലി കഴിഞ്ഞ് മടങ്ങുന്നവർക്കും ദൂരയാത്രക്കാർക്കും വലിയ ആശ്വാസമാകും. ആലുവ, തൃപ്പൂണിത്തുറ എന്നീ രണ്ട് ടെർമിനലുകളിൽ നിന്നും അവസാന ട്രെയിൻ പുറപ്പെടുന്നത് രാത്രി 11:00 മണിക്കായിരിക്കും.
അതേസമയം ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകളും നടത്തും. ഫെബ്രുവരി 15 (ഞായറാഴ്ച) ശിവരാത്രി രാത്രിയിൽ തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് പോകുന്ന അവസാന ട്രെയിൻ രാത്രി 11:30-ന് പുറപ്പെടും. ഫെബ്രുവരി 16 (തിങ്കളാഴ്ച) പുലർച്ചെ 4:00 മണിക്ക് ആലുവയിൽ നിന്ന് ആദ്യ ട്രെയിൻ പുറപ്പെടും. 4 മുതൽ 6 മണി വരെ 30 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ ലഭ്യമാകും. രാവിലെ 6 മണിക്ക് ശേഷം സാധാരണ ടൈംടേബിൾ പ്രകാരം സർവീസുകൾ തുടരും.
