ഗവേഷക വിദ്യാർത്ഥിയുടെ പരാതിയിൽ എം.ജി കോളേജ് മുൻ പ്രിൻസിപ്പാളിന്റെ ഗൈഡ് പദവി റദ്ദാക്കി

  1. Home
  2. Kerala

ഗവേഷക വിദ്യാർത്ഥിയുടെ പരാതിയിൽ എം.ജി കോളേജ് മുൻ പ്രിൻസിപ്പാളിന്റെ ഗൈഡ് പദവി റദ്ദാക്കി

Kerala university


ഗവേഷകവിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് എം.ജി. കോളേജ് മുൻപ്രിൻസിപ്പൽ നന്ത്യത്ത് ഗോപാലകൃഷ്ണന്റെ ഗൈഡ് പദവി കേരള സർവകലാശാല റദ്ദാക്കി. അധ്യാപകൻ മോശമായി പെരുമാറിയെന്ന വിദ്യാർഥിനിയുടെ പരാതി സർവകലാശാലയുടെ ആഭ്യന്തര അന്വേഷണസമിതി ശരിവെച്ചതിനെത്തുടർന്നാണ് ഗൈഡ് പദവി റദ്ദാക്കിയത്. ഞായറാഴ്ചചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്.

ഒരു വർഷം മുമ്പായിരുന്നു
അധ്യാപകന്റെ പെരുമാറ്റവും സമീപനവും കടുത്ത മാനസികസംഘർഷം സൃഷ്ടിച്ചെന്ന് കാണിച്ച് വിദ്യാർഥിനി പരാതി നൽകിയത്. 2021-ൽ കോളേജ് അധികൃതർക്കു പരാതി നൽകിയെങ്കിലും കാര്യക്ഷമമായ നടപടി ഉണ്ടായില്ല. അധ്യാപകനെ മാറ്റാൻ മാത്രമായിരുന്നു സർവകലാശാല തീരുമാനിച്ചത്. എന്നാൽ വിദ്യാർഥിനി ആരോപണത്തിൽ ഉറച്ചുനിന്നതോടെ പരാതി ആഭ്യന്തര അന്വേഷണസമിതിക്കു കൈമാറി.

മട്ടന്നൂരിലെ കോളേജിലേക്കു സ്ഥലംമാറിയ അധ്യാപകൻ പ്രിൻസിപ്പലായി എം.ജി. കോളേജിൽ തിരിച്ചെത്തി. പിന്നീട്, പന്തളം എൻ.എസ്.എസിലേക്ക്‌ സ്ഥലംമാറി. പരാതി ശരിവെച്ച് ആഭ്യന്തരസമിതി റിപ്പോർട്ട് നൽകിയതോടെയാണ് ഗൈഡ് പദവി റദ്ദാക്കാൻ തീരുമാനിച്ചതെന്ന് കേരള സർവകലാശാലാ അധികൃതർ വ്യക്തമാക്കി.

അതേസമയം ഗൈഡ് പദവി റദ്ദാക്കാനുള്ള സിൻഡിക്കേറ്റ് നടപടിക്കെതിരേ കേരള സർവകലാശാലാ വൈസ് ചാൻസലർക്കു പരാതി നൽകുമെന്ന് കുറ്റാരോപിതനായ നന്ത്യത്ത് ഗോപാലകൃഷ്ണൻ അറിയിച്ചു. വി.സി.യുടെ അസാന്നിധ്യത്തിലാണ് സിൻഡിക്കേറ്റ് നടപടിയെടുത്തത്. ഒന്നരവർഷം മുമ്പ് ആഭ്യന്തര അന്വേഷണസമിതിമുമ്പാകെ തെളിവുസഹിതം തന്റെ ഭാഗം വിശദീകരിച്ചിരുന്നു.

താൻ എം.ജി. കോളേജ് പ്രിൻസിപ്പൽസ്ഥാനത്തു വന്നശേഷമാണ് പരാതി വീണ്ടും കുത്തിപ്പൊക്കിയത്. ഇതിനുപിന്നിൽ ആരുടെയോ ആസൂത്രണമുണ്ട്. ആഭ്യന്തര അന്വേഷണസമിതിയുടെ റിപ്പോർട്ട് തനിക്കുനൽകിയിട്ടില്ല. തീരുമാനം പുനഃപരിശോധിക്കാൻ വി.സി.ക്ക് പരാതിനൽകുമെന്നും അദ്ദേഹം പറഞ്ഞു.