പാൽവില ലിറ്ററിന് 10 രൂപ വർധിപ്പിക്കണമെന്ന് മിൽമ; സർക്കാരിന് കത്ത് നൽകും

  1. Home
  2. Kerala

പാൽവില ലിറ്ററിന് 10 രൂപ വർധിപ്പിക്കണമെന്ന് മിൽമ; സർക്കാരിന് കത്ത് നൽകും

milma


പാൽവില ലിറ്ററിന് 10 രൂപ വർധിപ്പിക്കണമെന്ന ആവശ്യവുമായി മിൽമ തിരുവനന്തപുരം മേഖല യൂണിയൻ. ക്ഷീരകർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വിലവർധന അനിവാര്യമാണെന്നാണ് യൂണിയന്റെ നിലപാട്. ആവശ്യമുന്നയിച്ച് അടുത്ത ദിവസം സർക്കാരിന് ഔദ്യോഗികമായി കത്ത് നൽകും.

തിരുവനന്തപുരം മേഖല യൂണിയൻ ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കാലിത്തീറ്റ ഉൾപ്പെടെയുള്ള ഉൽപാദനച്ചെലവുകൾ വർധിച്ചതോടെ നിലവിലെ വിലയിൽ പാൽ ഉൽപാദനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നാണ് യൂണിയൻ ചൂണ്ടിക്കാട്ടുന്നത്. കർഷകരെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ വില വർധിപ്പിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

സർക്കാർ മേഖല യൂണിയനെ പിരിച്ചുവിട്ടതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഭരണസമിതിക്ക് അനുകൂല ഉത്തരവ് ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ഭാരവാഹികൾ വീണ്ടും ചുമതലയേറ്റത്. ഇതിന് പിന്നാലെ ചേർന്ന ആദ്യ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വിലവർധന ആവശ്യം ഉയർന്നത്.

അതേസമയം, അമൂൽ പാലിനും അടുത്തിടെ വില വർധിപ്പിച്ചിരുന്നു. വിവിധ വിഭാഗങ്ങളിലുള്ള പാലിന് ലിറ്ററിന് രണ്ട് മുതൽ ആറ് രൂപ വരെയാണ് വർധിപ്പിച്ചത്. മിൽമയുടെ ആവശ്യത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.