മിൽമ പാലിന് നാളെ മുതൽ വില കൂടും; ലിറ്ററിന് 4 രൂപ കൂടി, തൈരിനും വില ഉയരും
സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർധനവ് നാളെ മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് 4 രൂപയുടെ വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൈരിന് കിലോയ്ക്ക് 10 രൂപയും കൂടും.എന്നാൽ പാൽ കവറുകളിൽ പഴയ വിലയാണ് രേഖപ്പെടുത്തിയിട്ടുണ്ടാവുക. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇതു തുടരുമെന്നും മിൽമ അറിയിച്ചു.ക്ഷീരകർഷകരുടെ ഉൽപാദനച്ചെലവ് ഉയർന്ന സാഹചര്യത്തിലാണ് വില വർധനവെന്നാണ് വിശദീകരണം. ലിറ്ററിന് 4 രൂപ വർധിപ്പിക്കുമ്പോൾ അതിൽ 83.75 ശതമാനം (3.35 രൂപ) കർഷകർക്കാണ് ലഭിക്കുകയെന്നും മിൽമ വ്യക്തമാക്കി.
പുതുക്കിയ വിലനിലവാരം
ഡബിൾ ടോൺഡ് മിൽക് (500 മില്ലി - മിൽമ സ്മാർട്) മഞ്ഞ കവറിന്റെ വില 25 രൂപയിൽ നിന്ന് 27 രൂപയാകും. ഹോമോജനൈസ്ഡ് ടോൺഡ് മിൽക് (525 മില്ലി) നീല കവറിന്റെ പുതുക്കിയ വില 30 രൂപയാണ്. നേരത്തെ 26 രൂപയാണ് ഉണ്ടായിരുന്നത്. മിൽമ പ്രൈഡ് (500 മില്ലി- ഹോമോജനൈസ്ഡ്) ഓറഞ്ച് കവറിന്റെ വിലയും 30 രൂപയായി. നേരത്തെ 28 രൂപയായിരുന്നു. മിൽമ റിച്ച് സ്റ്റാൻഡേഡൈസ്ഡ് മിൽക് (500 മില്ലി - ഹോമോജനൈസ്ഡ്) പച്ച കവറിന് ഇനി 32 രൂപ നൽകണം. നേരത്തെ 29 രൂപയായിരുന്നു. തൈര് (ക്ലാസിക് - 525 ഗ്രാം) 35 രൂപയിൽ നിന്ന് 40 രൂപയായാണ് വർധിപ്പിച്ചത്.
ഏറ്റവും ഒടുവിൽ മിൽമ പാൽവില കൂട്ടിയത് 2022 ഡിസംബർ ഒന്നിനായിരുന്നു. അന്ന് ലിറ്ററിന് 6 രൂപയാണ് വർധിപ്പിച്ചത്.
