മിനി കൂപ്പർ അപകടം: ഒന്നാം പ്രതി സുഹൈലിന് ഉടൻ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ചു

  1. Home
  2. Kerala

മിനി കൂപ്പർ അപകടം: ഒന്നാം പ്രതി സുഹൈലിന് ഉടൻ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ചു

image


നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിന് ഉടൻ ജാമ്യമില്ല. സുഹൈൽ ഒഴികെയുള്ള മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സുഹൈൽ സജീവിന് പത്ത് ദിവസത്തിന് ശേഷം ജാമ്യം നൽകുമെന്നും കോടതി അറിയിച്ചു. നാല് പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നടപടി.

അപകടം ദൗർഭാഗ്യകരമാണെന്ന് നിരീക്ഷിച്ച കോടതി, കേസിൽ എല്ലാ തെളിവുകളും ശേഖരിച്ചോ എന്നും ചോദിച്ചു. പൊതുബോധത്തിന് അനുസരിച്ചല്ല, മറിച്ച് നിയമവും നടപടിക്രമങ്ങളും പരിഗണിച്ചാണ് തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. അതേസമയം, കേസിൽ ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ടെന്നും രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

അതിനിടെ, അപകടസമയത്ത് മിനി കൂപ്പർ അമിതവേഗത്തിലായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന ഇഡിആർ പരിശോധനാഫലം ഇന്നലെ പുറത്തുവന്നിരുന്നു. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗം മണിക്കൂറിൽ 162 കിലോമീറ്ററായിരുന്നുവെന്നാണ് റിപ്പോർട്ട്. വെറും 11 സെക്കൻഡിനുള്ളിൽ വാഹനം 500 മീറ്റർ ദൂരം പിന്നിട്ടതായും കണ്ടെത്തിയിട്ടുണ്ട്. ബിഎംഡബ്ല്യു അന്വേഷണസംഘത്തിന് കൈമാറിയ റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ഉണ്ടായ അപകടത്തിൽ രണ്ട് യുവതികളടക്കം മൂന്ന് പേരാണ് മരിച്ചത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരായിരുന്നു മരിച്ചത്. സമീപത്തെ ചായക്കടയിൽനിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്ന മൂന്നുപേരെയും അമിതവേഗത്തിലെത്തിയ മിനി കൂപ്പർ പിന്നിൽനിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സുഹൈൽ സജീവിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.