മന്ത്രി കെ.എം. ഷാജിയെ തടഞ്ഞ് യുവമോർച്ച; പിന്നാലെ ഓട്ടോയിൽ കയറി, അതും തടഞ്ഞപ്പോൾ നടന്നുപോയി
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയെ തിരുവനന്തപുരം പാളയം വാൻ റോസ് ജങ്ഷനിൽ വെച്ച് യുവമോർച്ച പ്രവർത്തകർ തടഞ്ഞു. മന്ത്രിയുടെ ഔദ്യോഗിക വാഹനം തടഞ്ഞതിനെ തുടർന്ന് അദ്ദേഹം സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ കയറിയെങ്കിലും പ്രതിഷേധക്കാർ ഓട്ടോയും തടയുകയായിരുന്നു. ഇതോടെ ഓട്ടോയിൽ നിന്നിറങ്ങിയ മന്ത്രി കാൽനടയായാണ് യാത്ര തുടർന്നത്. സംഭവസമയത്ത് പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ ഇല്ലാതിരുന്നത് വലിയ സുരക്ഷാവീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൊല്ലത്ത് വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ തലസ്ഥാനത്ത് കോൺഗ്രസ്-ബിജെപി സംഘർഷം രൂക്ഷമായിരിക്കുകയാണ്. ഇതിന് പ്രതികാരമായി ബിജെപി-യുവമോർച്ച പ്രവർത്തകർ സംസ്ഥാനവ്യാപകമായി മന്ത്രിമാർക്ക് നേരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക പ്രതിഷേധവും കല്ലേറും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
