ഇനിയെങ്കിലും'മെസ്സി തട്ടിപ്പ്' എന്ന് വിളിക്കരുതെന്ന് മന്ത്രി ഒ.ജെ. ജനീഷ്, അത് മെസ്സിയോടും ഫുട്ബാളിനോടും കായിക പ്രേമികളോടുമുള്ള മര്യാദ
മെസ്സി അറിഞ്ഞിട്ടുപോലുമില്ലാത്ത സംഭവത്തെ ‘മെസ്സി തട്ടിപ്പ്’ എന്ന് വിശേഷിപ്പിക്കരുതെന്നും അത് മെസ്സിയോടും ഫുട്ബോളിനോടും കായികപ്രേമികളോടുമുള്ള മര്യാദയാണെന്നും കായിക മന്ത്രി ഒ.ജെ. ജനീഷ്. കേരള സർവകലാശാലയിൽ സംഘടിപ്പിച്ച ദേശീയ കായികദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നടന്ന തട്ടിപ്പുമായി ലയണൽ മെസ്സിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സംഭവത്തെ താരത്തിന്റെ പേരുമായി കൂട്ടിക്കെട്ടുന്നതിനെതിരെ ശക്തമായി പ്രതികരിച്ചു. മാധ്യമങ്ങളും പൊതുജനങ്ങളും വിഷയത്തിൽ ഇത്തരം പ്രയോഗങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
‘ലോകം മുഴുവൻ ആരാധിച്ച ലയണൽ മെസ്സി വിരമിക്കുന്ന വാർത്തയാണ് ഇന്ന് മാധ്യമങ്ങൾ ഉൾപ്പെടെ ചർച്ചചെയ്യുന്നത്. മെസ്സിയുടെ അനുഭവങ്ങളെ സംബന്ധിച്ച ഒരുപാട് ഡോക്യുമെന്ററികൾ ഇന്ന് മാധ്യമങ്ങൾ പങ്കുവെക്കുന്നുണ്ട്. പ്രതിഭ കൊണ്ട് ഒരാൾക്ക് ഒരുപക്ഷേ അവസരങ്ങൾ കിട്ടുമായിരിക്കും. പക്ഷെ കഠിനാധ്വാനം കൂടി ചെയ്താൽ മാത്രമാണ് ആ അവസരങ്ങൾ നിലനിർത്താൻ സാധിക്കുക. കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തിൽ വലിയ പ്രാധാന്യത്തോട് കൂടി ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു പേര് കൂടിയാണ് ലോക ഫുട്ബാളർ ആയ ലയണൽ മെസ്സിയുടെത്. ഇനിയെങ്കിലും നമ്മൾ കേരളത്തിലെ പത്ര ദൃശ്യ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്തയുടെ തലക്കെട്ടിൽ ഒരു മാറ്റം വരുത്തണം. ‘മെസ്സി തട്ടിപ്പ്’ എന്നത് മാറ്റണം. മെസ്സി അറിഞ്ഞിട്ട് പോലുമില്ലാത്ത ഒരു തട്ടിപ്പാണത്. അതൊരു സാമ്പത്തിക ക്രൈമാണ്. അതിനെ ആ തലത്തിലേക്ക് കൊണ്ടുപോകണം. അത് മെസ്സിയോടും ഫുട്ബാളിനോടും കായിക മേഖല ഇഷ്ടപ്പെടുന്ന ആളുകളോടും കാണിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു മര്യാദ കൂടിയാണ്’ -മന്ത്രി പറഞ്ഞു.
2036 ൽ ഇന്ത്യയിൽ ഒളിമ്പിക്സ് നടത്തപ്പെടുകയാണെങ്കിൽ രാജ്യത്ത് ഏറ്റവും കൂടുതൽ മെഡൽ നേടുന്ന സംസ്ഥാനമായി നമ്മൾ മാറണമെന്നും അദ്ദേഹം പറഞ്ഞു. ‘ഒളിമ്പിക്സ് ആണ് നമ്മുടെ ഫോക്കസ്. അന്ന് രാജ്യത്തിനു വേണ്ടി മെഡൽ നേടുന്ന ആളുകളുടെ കൂട്ടത്തിലെ പ്രൈം നമ്പർ കേരളത്തിൽ നിന്നായിരിക്കണം എന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. പുതിയ തലമുറയിലെ വിദ്യാർത്ഥികളിലൂടെയാണ് അത് സാധിക്കുക. സ്പോർട്സിനെ ഏറ്റവും പ്രധാനത്തോടുകൂടി തന്നെ മുന്നോട്ടു പോകണം. കേന്ദ്ര മന്ത്രിയുമായിട്ടുള്ള കൂടിക്കാഴ്ചയിൽ കേരളത്തിന്റെ കാര്യങ്ങൾ മുന്നോട്ടു വെക്കുകയും അതിന് പോസിറ്റീവ് ആയിട്ടുള്ള പ്രതികരണങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്’ -ജനീഷ് പറഞ്ഞു.
വളരെ പ്രസക്തമായ ഒരു മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് നാഷണൽ സ്പോർട്സ് ഡേയുടെ ഭാഗമായ ഈ ചടങ്ങ് സംഘടിപ്പിച്ചത്. പ്രിയങ്കരനായ മുൻഹോക്കി ഇതിഹാസതാരം മേജർ ധ്യാൻചന്ദ്രന്റെ ജന്മദിനമായ ആഗസ്റ്റ് 29ന് ദേശീയ ഗായിക ദിനമായി ആചരിക്കുന്നതോടൊപ്പം വിദ്യാർത്ഥികളോടും യുവാക്കളോടും ‘ഒരു മണിക്കൂറെങ്കിലും മൈതാനങ്ങളിൽ ചെലവഴിക്കണം’ എന്നാണ് ഗവൺമെന്റ് ആവശ്യപ്പെട്ടത്. മുൻകാലങ്ങളിൽ മാതാപിതാക്കൾ തുടങ്ങി അധ്യാപകർ വരെ നമ്മുടെ സംവിധാനങ്ങൾ എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത് കളിച്ചു നടന്ന് സമയം കളയരുത് എന്നാണ്. എന്നാൽ, ഇത് നേരെ തിരിച്ചുപറയേണ്ട ഒരു കാലത്തിലേക്ക് വന്നു. മൈതാനങ്ങളിലേക്ക് പോകണം മൈതാനങ്ങളിൽ ചെലവഴിക്കണം എന്ന് പറയേണ്ട ഒരു അവസ്ഥയിലേക്ക് വന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു, രണ്ട് ലഹരിയെങ്കിലും വേണം; ഒന്ന് പഠനവും രണ്ട് സ്പോർട്സും ആണെന്ന്. പക്ഷെ സ്പോർട്സ് മിനിസ്റ്റർ എന്ന രീതിയിൽ ഞാൻ പറയുക പഠിക്കാൻ അല്പം പുറകിൽ പോയാലും കളിക്കാൻ ഒട്ടും പുറകിൽ പോകരുത് എന്നാണ്. പഠനത്തോടൊപ്പം തന്നെയോ അതിനേക്കാളോ പ്രധാനപ്പെട്ടതായി ഇന്ന് സ്പോർട്സ് മാറുകയാണ്. കാരണം നമ്മുടെ ആരോഗ്യം നിലനിർത്തണമെങ്കിൽ, പുതിയ കാലഘട്ടത്തിലെ ജീവിതശൈലി രോഗങ്ങളിൽ നമുക്ക് മാറി സഞ്ചരിക്കാൻ കഴിയണമെങ്കിൽ കായിക അധ്വാനവും കായിക ആക്ടിവിറ്റികളും കൂടിയാൽ മാത്രമേ സാധിക്കൂ.
പുതിയ തലമുറയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമായി പഠനങ്ങൾ പറയുന്നത് അവർക്ക് മസിൽ മൂവ്മെൻറ്സ് ഇല്ല എന്നതാണ്. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും ഫിസിക്കൽ ആയി വലിയ സ്ട്രസ് അനുഭവപ്പെടും. അത് മെന്റൽ സ്ട്രെസ്സിലേക്ക് മാറുകയും വിദ്യാർത്ഥികളുടെ കായികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നതായി മാറുകയും ചെയ്യും. നമ്മൾ നിരന്തരമായി വിദ്യാർഥികളോടും ചെറുപ്പക്കാരോടും പറഞ്ഞുകൊണ്ടിരിക്കുന്നത് ഗ്രൗണ്ടുകളിലേക്ക് മടങ്ങണം എന്നാണ്. അതിന് ഗ്രൗണ്ടുകൾ സജീകരിച്ചു നൽകണം എന്നത് കേരളത്തിലെ വിദ്യാർത്ഥി സമൂഹവും യുവാക്കളും ആവശ്യപ്പെടുന്നുണ്ട്. കേരളത്തിൻറെ കായിക മേഖലയിലെ ഇൻഫ്രാസ്ട്രക്ച്ചർ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന ഗവൺമെന്റ് കാര്യക്ഷമമായ പ്രവർത്തനങ്ങളുമായിട്ട് മുന്നോട്ടു പോകും.
ഈ കഴിഞ്ഞ ദിവസങ്ങളിൽ കോമൺവെൽത്ത് ഗെയിംസിന്റെ ഉൾപ്പെടെയുള്ള റിസൾട്ടുകൾ പ്രഖ്യപിച്ചപ്പോൾ കേരളം അവരെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്നും മറ്റു സംസ്ഥാനങ്ങൾ വലിയ രീതിയിലുള്ള പാരിതോഷികങ്ങൾ കൊടുക്കുന്നു എന്നും പ്രചരണങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് കേരളത്തിന്റെ കായിക വകുപ്പ് ഒരു പ്രൊപ്പോസൽ വെച്ചപ്പോൾ, കേരളത്തിൽ കായിക മേഖലയിൽ തുടരാൻ ആഗ്രഹിക്കുന്ന ഒരാൾ പോലും നിരാശപ്പെടേണ്ടി വരുന്ന ഒരു സാഹചര്യം ഉണ്ടാകരുതെന്ന് കാബിനറ്റ് ഒന്നടങ്കം തീരുമാനമെടുത്തു. മറ്റ് സംസ്ഥാനങ്ങൾ കൊടുക്കുന്നു എന്ന് പറയപ്പെടുന്നതിന് തുല്യമോ അതിനേക്കാൾ കൂടുതലോ ആനുകൂല്യങ്ങൾ സംസ്ഥാന ഗവൺമെന്റ് കൊടുക്കും. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ കാലഘട്ടങ്ങളിൽ കൊടുത്തതിനേക്കാൾ ഉയർന്ന പാരിതോഷിക തുക കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന ഗവൺമെന്റ് കായികതാരങ്ങൾക്ക് വേണ്ടി പ്രഖ്യാപിച്ചത്. ഈ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരുടെ മികവ് അംഗീകരിക്കപ്പെടും. അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകാൻ കൂടിയെടുത്ത പ്രധാനപ്പെട്ട തീരുമാനത്തിന്റെ കൂടി ഭാഗമാണത്.കേരളത്തിലെ വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും കായിക മേഖലയിൽ കൂടുതൽ പ്രവർത്തിക്കാനുള്ള അവസരം നൽകിക്കൊണ്ടാണ് നമ്മൾ മുന്നോട്ടു പോകുന്നത് -മന്ത്രി പറഞ്ഞു.
