മന്ത്രി ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷനായി തുടരും; മാറ്റേണ്ടതില്ലെന്ന് ഹൈക്കമാൻഡ്
സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് മന്ത്രി ഒ.ജെ. ജനീഷ് തന്നെ തുടരുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം. കെ.പി.സി.സി അധ്യക്ഷ മാറ്റത്തിനൊപ്പം യൂത്ത് കോൺഗ്രസ് അധ്യക്ഷനെ മാറ്റേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ തീരുമാനം.
മന്ത്രിസ്ഥാനവും സംഘടനാ ചുമതലയും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി, തന്റെ സ്ഥാനത്ത് പുതിയ ആളെയെത്തിക്കണമെന്ന് ഒ.ജെ. ജനീഷ് രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ടാണ് അഭ്യർത്ഥിച്ചിരുന്നത്. മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾക്കിടയിൽ യൂത്ത് കോൺഗ്രസ് സംഘടനാ പ്രവർത്തനങ്ങളിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്ന സ്വയം വിമർശനവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.
എന്നാൽ, ഈ ഘട്ടത്തിൽ അധ്യക്ഷ മാറ്റം ആവശ്യമില്ലെന്നും ജനീഷിന്റെ നേതൃത്വത്തിൽ തന്നെ സംഘടന മുന്നോട്ട് പോകണമെന്നുമാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്.
