മന്ത്രി ഒ.ജെ. ജനീഷിനെ തടഞ്ഞുള്ള പ്രതിഷേധം: കാസർകോട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്
മന്ത്രി ഒ.ജെ. ജനീഷിനെ തടഞ്ഞുള്ള പ്രതിഷേധത്തിലും സംഘർഷത്തിലും കാസർകോട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കടുത്ത നടപടിയുമായി പോലീസ്. തൃക്കരിപ്പൂരിലുണ്ടായ സംഘർഷത്തിൽ പൊതുമുതൽ നശിപ്പിച്ചതിന് 13 പേർക്കെതിരെയും ലീഗ് പ്രവർത്തകൻ മുഹമ്മദ് സർഫ്രാസിനെ മർദിച്ച പരാതിയിൽ 12 പേർക്കെതിരെയും പോലീസ് രണ്ട് ജാമ്യമില്ലാ കേസുകൾ രജിസ്റ്റർ ചെയ്തു.
കൂടാതെ, കാഞ്ഞങ്ങാട്ട് പ്രതിഷേധിച്ച 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. നീലേശ്വരത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ആറ് പ്രവർത്തകർ റിമാൻഡിലായിട്ടുണ്ട്. ചന്തേര പോലീസ് സ്റ്റേഷനിൽ രണ്ടും, നീലേശ്വരം, ഹൊസ്ദുർഗ് സ്റ്റേഷനുകളിൽ ഓരോന്ന് വീതവും കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
